തിരുവനന്തപുരം: എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്‍റെ ഫോണ്‍ ഹാക്ക് ചെയ്‌തതായി പരാതി. സംഭവത്തില്‍ കെസി വേണുഗോപാല്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്തിന് പരാതി നല്‍കി. തന്‍റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടു എന്നും ഹാക്ക് ചെയ്‌ത ഫോണില്‍ നിന്ന് പണം ആവശ്യപ്പെട്ടു കൊണ്ട് രണ്ടു പേര്‍ക്ക് കോള്‍ വന്നതായും അദ്ദേഹം പറഞ്ഞു.
കെസി വേണുഗോപാലിന്‍റെ ഫോൺ ഹാക്ക് ചെയ്‌തു, പണം ആവശ്യപ്പെട്ട് നേതാക്കൾക്ക് അടക്കം സന്ദേശവും കോളും
ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്‍റെ പരാതി. തന്‍റെ നമ്പറില്‍ നിന്ന് പലര്‍ക്കും അനധികൃത കോളും സന്ദേശവും ലഭിക്കുന്നു എന്നും കെസി വേണുഗോപാല്‍. സംഭവത്തില്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്തിന് പരാതി നല്‍കി
സംഭവം കെ സി വേണുഗോപാല്‍ തന്നെയാണ് ട്വിറ്ററില്‍ പങ്കുവച്ചത്. തന്‍റെ ഫോണ്‍ ഹാക്ക് ചെയ്‌ത് സ്‌പാം കോളുകള്‍ ചെയ്യുകയാണ് എന്നും തന്‍റെ നമ്പറില്‍ നിന്ന് സംശയാസ്‌പദമായ കോളോ സന്ദേശമോ ലഭിച്ചാല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എല്ലാവരെയും അറിയിക്കുന്നു എന്നുമാണ് കെ സി വേണുഗോപാല്‍ ട്വീറ്റ് ചെയ്‌തത്. ഹാക്കര്‍മാരോട് പ്രതികരിക്കുന്നത് ഒഴിവാക്കണമെന്നും വിഷയത്തില്‍ തന്‍റെ ഓഫിസ് പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി. പരാതിയുടെ പകര്‍പ്പും കെ സി വേണുഗോപാല്‍ ട്വിറ്ററില്‍ പങ്കിട്ടു.
ഇത്തരത്തില്‍ രണ്ട് പേര്‍ക്ക് അനധികൃത ഫോണ്‍ കോള്‍ ലഭിച്ചു എന്ന് കെ സി വേണുഗോപാലിന്‍റെ സെക്രട്ടറി കെ ശരത് ചന്ദ്രന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഹാക്ക് ചെയ്‌ത ഫോണില്‍ നിന്ന് കെ സി വേണുഗോപാല്‍ ആണെന്നോ അദ്ദേഹത്തിന്‍റെ സ്റ്റാഫ് ആണെന്നോ തെറ്റിദ്ധരിപ്പിച്ച് ചിലരെ ഹാക്കര്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെന്ന് ശരത് ചന്ദ്രന്‍ ആരോപിച്ചു. വിഷയത്തില്‍ അജ്ഞാതനെതിരെ ക്രിമിനല്‍ അന്വേഷണം ഉള്‍പ്പെടെയുള്ള നിയമ നടപടിയിലേക്ക് പോകണമെന്നാണ് കെ സി വേണുഗോപാലിന്‍റെ ഓഫിസ് ആവശ്യപ്പെടുന്നത്.