തിരുവനന്തപുരം: ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുകൊണ്ട് ഐക്യരാഷ്ട്ര സഭയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ നിന്ന് വിട്ടുനിന്ന ഇന്ത്യന്‍ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി (KC Venugopal About Gaza Ceasefire). അന്താരാഷ്ട്ര സമൂഹത്തിന്‍റെ മുന്‍പില്‍ ഇന്ത്യ ഇന്നേവരെ ഉയര്‍ത്തിപ്പിടിച്ച മഹത്തായ മൂല്യങ്ങള്‍ക്ക് മുറിവേല്‍ക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിന്‍റേത്. സമാധാനത്തിനും സഹായത്തിനുമായി ഉറ്റുനോക്കുന്നവരുടെ കണ്ണുകളില്‍ ചരിത്രത്തിലാദ്യമായി നമ്മുടെ രാജ്യത്തിന്‍റെ മുഖം വികൃതമാക്കപ്പെട്ടിരിക്കുന്നെന്നും വേണുഗോപാല്‍ പറഞ്ഞു.
ഇന്ത്യ എക്കാലവും സമാധാനത്തിന്‍റെയും സഹവര്‍ത്തിത്വത്തിന്‍റെയും സന്ദേശം ഉയര്‍ത്തിപ്പിടിച്ച രാജ്യമായിരുന്നു. അഹിംസയുടെയും സത്യത്തിന്‍റെയും തത്വങ്ങളില്‍ ഊന്നിയാണ് നമ്മുടെ രാജ്യം സൃഷ്‌ടിക്കപ്പെട്ടത്. ഈ അടിസ്ഥാന മൂല്യങ്ങളെയാണ് ഈ നിലപാടിലൂടെ ചവിട്ടിയരക്കപ്പെട്ടത്.
വ്യോമാക്രമണങ്ങളിലും ഇസ്രായേല്‍ അധിനിവേശത്തിലും ഗാസയിലെ നിസ്സഹായരും നിരപരാധികളുമായ മനുഷ്യര്‍ക്ക് ജീവന്‍ നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുള്ള പ്രമേയത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിക്കും മുന്‍പ് ഈ യാഥാര്‍ഥ്യം ഭരണകൂടം തിരിച്ചറിയണമായിരുന്നുവെന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. ഇന്ത്യ പോലൊരു രാജ്യം വെടിനിര്‍ത്തല്‍ കാംക്ഷിക്കുമെന്നത് ലോകരാജ്യങ്ങള്‍ അടക്കം പ്രതീക്ഷിച്ചത്. എന്നാല്‍ അതുണ്ടായില്ലെന്ന് മാത്രമല്ല, ലോകത്തിന് മുന്നില്‍ ഈ രാജ്യത്തെ നാണം കെടുത്തുന്ന സ്ഥിതി വരെയുണ്ടായി.
എല്ലാ മാനുഷിക നിയമങ്ങളും ലംഘിച്ച് പലസ്‌തീനിലെ ജനങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും മരുന്നുകളും ജീവന്‍റെ നിലനില്‍പിന് ആവശ്യമായ അടിസ്ഥാന ആവശ്യങ്ങളും നിഷേധിക്കപ്പെടുമ്പോള്‍ ആ വിഷയത്തില്‍ ഇന്ത്യ ഒരു നിലപാടെടുക്കാതിരിക്കുന്നത് രാഷ്ട്രമെന്ന നിലയില്‍ നമ്മള്‍ നേടിയ എല്ലാ പുരോഗതികള്‍ക്കും എതിരാണ്. തനി ഫാസിസ്റ്റ് ഭരണകൂടത്തിന് മാത്രമേ ഇങ്ങനെ വിട്ടുനില്‍ക്കാന്‍ കഴിയൂ (Fascist regime says KC Venugopal). ഇന്ത്യയെ ലോകത്തിന് മുന്നില്‍ അപമാനിച്ച ഭരണകൂടം ഈ രാജ്യത്തോട് മാപ്പ് പറഞ്ഞേ മതിയാകൂയെന്നും വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.