തിരുവനന്തപുരം : ബിജെപി നേതാക്കൾ ക്രൈസ്‌തവരുടെ വീടുകൾ സന്ദർശിച്ച വിഷയത്തിൽ പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ബിജെപിക്കാർ വീട്ടിൽ വരുമ്പോൾ കേരളത്തിലെ ജനങ്ങൾ വിവേകപൂർവ്വം കാര്യങ്ങൾ മനസ്സിലാക്കുമെന്നും തെരഞ്ഞെടുപ്പ് ജയിക്കാൻ ബിജെപി ആടിനെ പട്ടിയാക്കുകയാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു. ബിഷപ്പുമാരെ തെറിവിളിക്കുന്ന സമീപനം കോൺഗ്രസിനില്ലെന്നും മതനേതാക്കൾക്ക് അവരുടേതായ സ്വാതന്ത്ര്യം ഉണ്ടെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.
തൊഴിലില്ലായ്‌മ പറഞ്ഞ് അധികാരത്തിൽ വന്ന പാർട്ടിയായിരുന്നു ബിജെപിയെന്നും തെരഞ്ഞെടുപ്പ് കാലത്ത് വോട്ട് കിട്ടുന്നതിന് വേണ്ടിയുള്ള കാപട്യം ആണ് ബിജെപിയുടെ പ്രവർത്തനങ്ങളെന്നും അദ്ദേഹം ആരോപിച്ചു. ദില്ലിയിലും മറ്റും ബിജെപിക്കാർ തകർത്ത പള്ളികളുടെ മേൽ ആദ്യം മാപ്പ് പറയട്ടെ എന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.
സത്പാൽ മാലിക്കിന്‍റെ വെളിപ്പെടുത്തൽ ഗൗരവമാണന്നും പുൽവാമയിൽ പ്രധാനമന്ത്രി ആരോപണ നിഴലിലാണന്നും ജമ്മു ഗവർണർ വിസ്ഫോടാത്മകമായ ഒരു കാര്യം പറഞ്ഞാൽ അത് ചർച്ച ആകാത്തത് എന്തുകൊണ്ടാണന്നും കെ സി വേണുഗോപാൽ ചോദിച്ചു.
സന്ദർശനത്തിന് പിന്നിൽ വോട്ട് ബാങ്ക് രാഷ്‌ട്രീയമില്ലെന്ന് പ്രകാശ് ജാവദേക്കർ : റംസാന് മുസ്ലിങ്ങളുടെ വീടുകൾ സന്ദർശിക്കുമെന്ന് പ്രകാശ് ജാവദേക്കർ പറഞ്ഞു. വിഷു ദിനമായ ഇന്ന് ബിജെപി ജില്ല പ്രസിഡന്‍റ് വി വി രാജേഷിന്‍റെ വഞ്ചിയൂരിലെ വീട്ടിൽ പ്രകാശ് ജാവദേക്കറും ക്രൈസ്‌തവ പുരോഹിതരും വിഷു ആഘോഷങ്ങളുടെ ഭാഗമായി പ്രഭാത ഭക്ഷണം കഴിക്കാനായി എത്തിയിരുന്നു. തുടർന്ന്, ബിജെപിയിൽ എല്ലാ വിഭാഗത്തിൽപ്പെട്ട ആളുകളുമുണ്ടെന്നും സന്ദർശനം സൗഹൃദത്തിന്‍റെ പേരിലാണെന്നും പ്രകാശ് ജാവദേക്കർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.