തിരുവനന്തപുരം: സോളാർ കേസുമായി (Solar Case) ബന്ധപ്പെട്ട സിബിഐ (CBI) കണ്ടെത്തലിൻ്റെ പശ്ചാത്തലത്തിൽ സാമൂഹിക മാധ്യമങ്ങളിൽ തന്നെ പ്രതിയാക്കാൻ നടക്കുന്ന ശ്രമങ്ങൾക്കെതിരെ വാദം നിരത്തി കെബി ഗണേഷ് കുമാർ (KB Ganesh Kumar). നിയമസഭയില്‍ പ്രതിപക്ഷം (Opposition) ഉയര്‍ത്തിയ അടിയന്തര പ്രമേയ വേളയിലാണ് (Adjournment Motion) അദ്ദേഹത്തിന്‍റെ മറുപടി.
2013 ഏപ്രിൽ ഒന്നിന് മന്ത്രി സ്ഥാനം പുല്ലുപോലെ വലിച്ചെറിഞ്ഞ ആളാണ് താൻ. അത് അഴിമതിക്കെതിരായ പോരാട്ടത്തിൻ്റെ ഭാഗമായിരുന്നു. അന്ന് മുതൽ 2022 വരെ നേരിട്ടോ ഫോൺ മുഖാന്തിരമോ പരാതിക്കാരിയുമായി തനിക്ക് ഒരു ബന്ധവും ഉണ്ടായിരുന്നില്ലെന്നും ഇക്കാര്യം തെളിയിക്കാൻ എത് സിബിഐ അന്വേഷണം നേരിടാനും താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
അതില്‍ ഉമ്മന്‍ ചാണ്ടി ഇല്ല: തൻ്റെ പിതാവ് ആർ ബാലകൃഷ്‌ണപിള്ള വിശ്രമജീവിതം നയിക്കുമ്പോൾ അദ്ദേഹത്തെ എല്ലാ ദിവസവും സന്ദർശിക്കുമായിരുന്നു. അപ്പോൾ നടക്കുന്ന സംഭാഷണത്തിൽ രാഷ്ട്രീയം കടന്നുവരാറുണ്ടായിരുന്നു. ഈ സംഭാഷണത്തിനിടെയാണ് പരാതിക്കാരിയുടെ കത്തിൽ ഉമ്മൻ ചാണ്ടി പേരില്ലായിരുന്നു എന്ന കാര്യം പിതാവ് തന്നോട് വെളിപ്പെടുത്തിയത്. ഇക്കാര്യം താൻ സിബിഐയോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നും കെബി ഗണേഷ് കുമാര്‍ വ്യക്തമാക്കി.