കേരളം

kerala

ETV Bharat / state

അടിമുടി മാറ്റത്തിനൊരുങ്ങി കെഎസ്ആർടിസി; ബസ് എവിടെ എന്നറിയാന്‍ പുത്തന്‍ ആപ്പ് വരുന്നു, 5 ന് തന്നെ ശമ്പളവും - കെബി ഗണേഷ് കുമാർ

New Changes In KSRTC:വൈദ്യുത ബസുകൾ നഷ്‌ടമാണെന്നും പലപ്പോഴും തുച്ഛമായ ലാഭം മാത്രമാണ് ലഭിക്കുന്നതെന്നും തൊഴിലാളി സംഘടനാ നേതാക്കളുമായി നടത്തിയ ചർച്ചക്ക് ശേഷം ഗണേഷ് കുമാർ

KB Ganesh Kumar  KSRTC Electric Bus  കെഎസ്ആര്‍ടിസി  കെബി ഗണേഷ് കുമാർ  New Changes In KSRTC
New Changes In KSRTC

By ETV Bharat Kerala Team

Published : Jan 17, 2024, 8:36 PM IST

Updated : Jan 17, 2024, 9:23 PM IST

അനാവശ്യമായ റൂട്ടുകൾ വെട്ടി കളയുമെന്ന്‌ കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റിന്‍റെ വൈദ്യുത ബസുകളുടെ നിരക്ക് വർധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. സിറ്റി സർക്കുലർ ഇലക്ട്രിക് ബസ് സർവീസുകളുടെ 10 രൂപ നിരക്ക് ഫലപ്രദമല്ല. വൈദ്യുത ബസുകൾ നഷ്‌ടമാണെന്നും പലപ്പോഴും തുച്ഛമായ ലാഭം മാത്രമാണ് ലഭിക്കുന്നതെന്നും തൊഴിലാളി സംഘടനാ നേതാക്കളുമായി നടത്തിയ ചർച്ചക്ക് ശേഷം ഗണേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

ഒരു കോടി രൂപയോളമാണ് ഇലക്ട്രിക് ബസിന്‍റെ വില. ഈ തുക ഉണ്ടെങ്കിൽ നാല് ഡീസൽ ബസുകൾ വാങ്ങാം. വൈദ്യുത ബസ് ഓട്ടോറിക്ഷ തൊഴിലാളികളുടെയും എല്ലാവരുടെയും വയറ്റത്തടിച്ചു. ഇനി വൈദ്യുത ബസുകൾ വാങ്ങുന്നതിനോട് യോജിപ്പില്ല. അതിനോട് സഹകരിക്കില്ല. വൈദ്യുത ബസുകൾ ദീർഘദൂര സർവീസിന് കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം സ്വിഫ്റ്റ് ഇപ്പോൾ ലാഭത്തിലാണെന്നും മന്ത്രി പറഞ്ഞു. വൈദ്യുത ബസിൽ നൂറ് പേർ കയറിയാൽ തന്നെ എത്ര രൂപ കിട്ടും. കറന്‍റ്‌ ചാർജ്, ജീവനക്കാരുടെ ശമ്പളം, കിലോമീറ്ററിന് 28 പൈസ വീതം കെഎസ്ആര്‍ടിസി, സ്വിഫ്റ്റിന് നൽകണം. തൊഴിലാളി സംഘടനാ നേതാക്കളുമായി സൗഹൃദപരമായ ചർച്ചയാണ് നടന്നത്. തർക്കത്തിന്‍റെ വിഷയം ഉണ്ടായിരുന്നില്ല. കെഎസ്ആർടിസിക്ക് ശമ്പളവും പെൻഷനും കൊടുക്കുന്നത് സർക്കാരാണ്.

ഈ പ്രശ്‌നം പരിഹരിക്കണമെങ്കിൽ കെഎസ്ആർടിസിയുടെ തനത് ഫണ്ട് വരണം. അതിന് അനാവശ്യമായ റൂട്ടുകൾ വെട്ടി കളയണം. റൂട്ടുകൾ പരിഷ്‌കരിക്കണം. എന്നാൽ നഷ്‌ടത്തിൽ നിന്ന് ലാഭത്തിൽ കൊണ്ടുവരാൻ സാധിക്കും. തിരുവനന്തപുരം സിറ്റിക്കകത്തുതന്നെ ബസുകൾ വെറുതെ ഓടുകയാണ്. എല്ലാ ബസുകളുടെയും കോസ്റ്റ് അക്കൗണ്ടിങ് നടത്താൻ തീരുമാനിച്ചു. കെഎസ്ആർടിസിയുടെ ചെലവ് പരമാവധി കുറച്ചുകൊണ്ട് വരവ് കൂട്ടിക്കൊണ്ട് വന്നാൽ മാത്രമേ കെഎസ്ആർടിസിയുടെ അക്കൗണ്ടിൽ പൈസ ഉണ്ടാകു.

ജീവനക്കാര്‍ക്ക് ശമ്പളം കൃത്യമായി കൊടുക്കുന്നതിന് പദ്ധതി മനസിലുണ്ട്. അതിനുവേണ്ടിയുള്ള എല്ലാ പരിശ്രമങ്ങളും നടത്തുകയാണ്. ഇക്കാര്യം മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു. അദ്ദേഹത്തിന്‍റെയും അനുമതിയുണ്ട്. ശമ്പളം ഒരുമിച്ച് നല്‍കാനാകുമോ എന്നാണ് പരിശ്രമിക്കുന്നത്. കെഎസ്ആർടിസിയുടെ എല്ലാ പ്രവർത്തനങ്ങളും ഒരു സോഫ്റ്റ്‌വെയറിന് കീഴിലാക്കും. മൂന്ന് മാസത്തിനകം സംവിധാനം നടപ്പിലാക്കും. മൂന്ന് മാസത്തേക്ക് മാത്രം പർച്ചേസ് നടത്തുന്ന രീതിയാക്കും.

മന്ത്രിയോ സിഎംഡിയോ ആരു മാറിപ്പോയാലും സിസ്റ്റത്തെ ഇനി പൊളിക്കാൻ പറ്റാത്ത തരത്തിലുള്ള സംവിധാനമാകും കൊണ്ടുവരിക. വേര്‍ ഈസ് മൈ ട്രെയിന്‍ എന്ന മാതൃകയില്‍ വേര്‍ ഈസ് മൈ കെഎസ്ആര്‍ടിസി എന്നൊരു ആപ്പ് കൊണ്ടുവരാന്‍ ആലോചിക്കുന്നുണ്ട്. മാത്രമല്ല ബസുകളില്‍ സ്ഥാപിച്ചിട്ടുള്ള ജിപിഎസ് സേവനത്തെ ഏകോപിപ്പിക്കാന്‍ തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസിയുടെ കണ്‍ട്രോള്‍ റൂം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

നിലവിൽ കെഎസ്ആര്‍ടിസി പമ്പുകള്‍ ലാഭത്തിലാണ്. എല്ലാ പമ്പുകളും പരിശോധിക്കാന്‍ ലീഗല്‍ മെട്രോളജി വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അനധികൃത ആംബുലൻസുകൾ തടയും. ആംബുലൻസുകൾക്ക് താരിഫ് ഏർപ്പെടുത്തും. അസിസ്റ്റന്‍റ്‌ ട്രാൻസ്‌പോർട്ട് കമ്മീഷണർ അധ്യക്ഷനായി അഞ്ചംഗ സമിതിയെ ഏർപ്പെടുത്തി. ഒരുമാസത്തിനകം റിപ്പോർട്ട് ലഭിക്കും. അതേസമയം ഗതാഗത മന്ത്രിയുമായുള്ള ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന് ടിഡിഎഫ് വർക്കിങ് പ്രസിഡന്‍റ്‌ എം വിൻസന്‍റ്‌ എംഎൽഎ പറഞ്ഞു. ശമ്പളം ഒരുമിച്ച് നൽകാൻ ശ്രമിക്കുമെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ കാലങ്ങളിൽ നടന്ന പരിഷ്ക്കാരങ്ങൾ സാമ്പത്തിക നഷ്‌ടം വരുത്തി.

ഇത് മന്ത്രിയെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. ശമ്പളം എല്ലാ മാസവും 5 ന് ഒറ്റത്തവണയായി വേണമെന്ന് അറിയിച്ചതായും മന്ത്രി അനുകൂല നിലപാടറിയിച്ചതായും സിഐടിയു വർക്കിങ് പ്രസിഡന്‍റ്‌ സി കെ ഹരികൃഷ്‌ണൻ പറഞ്ഞു. ചെലവ് ചുരുക്കാൻ വേണ്ട ശ്രമം വേണമെന്ന് തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. ഗഡുക്കൾ നിർത്തണം, ഒറ്റത്തവണ വേണമെന്ന് ബിഎംഎസ് ജനറൽ സെക്രട്ടറി അജയകുമാറും മന്ത്രിയോട് പറഞ്ഞു.

Last Updated : Jan 17, 2024, 9:23 PM IST

ABOUT THE AUTHOR

...view details