തിരുവനന്തപുരം: കാട്ടാക്കട പൂവച്ചലിൽ പത്താം ക്ലാസ് വിദ്യാർഥിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ പൊലീസിന് വീഴ്‌ച സംഭവിച്ചോ എന്നതിൽ അന്വേഷണം നടത്താൻ തീരുമാനം ((kattakada Student Death). കേസിൽ കാട്ടാക്കട പൊലീസിന് വീഴ്‌ചയുണ്ടായോ എന്നാണ് അന്വേഷിക്കുന്നത്. ഡിഐജിആർ നിഷാന്തിനിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അഡീഷണൽ എസ്‌പി സുൽഫിക്കറിന്‍റെ നേതൃത്വത്തിലാകും അന്വേഷണം നടക്കുക.
പ്രതി പ്രിയരഞ്ജൻ വിദ്യാർഥിയായ ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടും കാട്ടാക്കട പൊലീസ് തുടർനടപടികൾ വൈകിപ്പിച്ചുവെന്ന ആക്ഷേപം ഉയർന്നിരുന്നു. സംഭവത്തിൽ പ്രതിയായ പ്രിയരഞ്ജനെ പൊലീസ് കഴിഞ്ഞ ദിവസമായിരുന്നു അറസ്‌റ്റ് ചെയ്‌തത്. പതിനൊന്നാം ദിവസമാണ് പ്രതി പ്രിയരഞ്ജൻ പൊലീസ് പിടിയിലായത്. മുൻ വൈരാഗ്യമാണു കൊലയ്ക്ക് പിന്നിലെന്ന് ബന്ധുക്കൾ മൊഴി നൽകിയതിനെ തുടർന്നാണ് പ്രിയരഞ്ജനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തിയത്.
സംഭവം ഇങ്ങനെ:ഓഗസ്‌റ്റ് 30 ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് പുളിങ്കോട് ശ്രീ ഭദ്രകാളി ക്ഷേത്രത്തിന്‍റെ മുന്‍വശത്ത് വെച്ച് കാട്ടാക്കട പൂവച്ചൽ സ്വദേശികളായ അരുൺകുമാർ-ദീപ ദമ്പതികളുടെ മകൻ ആദി ശേഖറിനെ കാറിടിച്ച് കൊലപ്പെടുത്തിയത്. കുട്ടിയുടെ അകന്ന ബന്ധുവായ പ്രിയരഞ്ജനായിരുന്നു സംഭവത്തിന് പിന്നിൽ. ആദ്യം അപകടമരണം എന്ന് കേസ് രജിസ്‌റ്റര്‍ ചെയ്‌തിരുന്നുവെങ്കിലും പിന്നീടുളള സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ആദിശേഖറിന്‍റെ മരണത്തില്‍ വഴിത്തിരിവുണ്ടായത്.
പടിയന്നൂര്‍ ക്ഷേത്രത്തിന്‍റെ ഭാഗത്തു നിന്നാണ് പ്രിയരഞ്ജന്‍റെ കാര്‍ എത്തിയത്. തുടര്‍ന്ന് പുളിങ്കോട് ശ്രീ ഭദ്രകാളി ക്ഷേത്രത്തിന്‍റെ സ്‌റ്റേജിന് പിന്നില്‍ 20 മിനിട്ടോളം നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. തുടര്‍ന്ന് ആദിശേഖറും സുഹൃത്തും സൈക്കിള്‍ ചവിട്ടാനായി റോഡില്‍ എത്തി. ആദിശേഖര്‍ സുഹൃത്തിന്‍റെ കൈയില്‍ നിന്ന് സൈക്കിള്‍ വാങ്ങി ചവിട്ടാന്‍ തുടങ്ങിയപ്പോള്‍ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ അമിതവേഗതയിലെത്തി കുട്ടിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടി തലനാരിഴയ്‌ക്കായിരുന്നു അപകടത്തില്‍ നിന്ന് രക്ഷപെട്ടത്.