തിരുവനന്തപുരം :കാട്ടാക്കടയിൽ (Kattakkada) കാറിടിച്ച് പത്താം ക്ലാസ് വിദ്യാർഥി മരിച്ച സംഭവത്തിൽ (Kattakkada Student Death Investigatio) പ്രതിക്കായുള്ള തെരച്ചിൽ തുടരുന്നു (Accused Priyaranjan is absconding). കഴിഞ്ഞ മാസം 31നാണ് കാട്ടാക്കട പൂവച്ചൽ സ്വദേശികളായ അരുൺകുമാർ-ദീപ ദമ്പതികളുടെ മകൻ ആദി ശേഖർ കാറിടിച്ച് മരിച്ചത്. കുട്ടിയുടെ അകന്ന ബന്ധുവായ പ്രിയരഞ്ജനാണ് കേസിലെ പ്രതി (Kattakkada Student Death Investigation).
ആദ്യം അപകട മരണം എന്ന് കേസ് രജിസ്റ്റർ ചെയ്‌തിരുന്നുവെങ്കിലും സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ആദി ശേഖറിന്‍റെ മരണത്തിൽ വഴിത്തിരിവ് ഉണ്ടായത്. പുളിങ്കോട് ശ്രീ ഭദ്രകാളി ക്ഷേത്രത്തിന്‍റെ മുൻവശത്ത് വച്ച് ബുധനാഴ്‌ച (ഓഗസ്റ്റ് 31) വൈകുന്നേരം 5 മണിയോടെയാണ് അപകടം നടന്നത്. പടിയന്നൂർ ക്ഷേത്രത്തിന്‍റെ ഭാഗത്ത് നിന്നാണ് കാർ എത്തിയത്. തുടർന്ന് പുളിങ്കോട് ശ്രീ ഭദ്രകാളി ക്ഷേത്രത്തിന്‍റെ സ്റ്റേജിന് പിന്നിൽ 20 മിനിട്ടോളം കാർ നിർത്തിയിട്ടിരിക്കുകയായിരുന്നു.
കാർ സംഭവസ്ഥലത്ത് നിർത്തിയിട്ടത് 20 മിനിട്ടോളം : പ്രതി പ്രിയരഞ്ജൻ കുട്ടി വരുന്നത് വരെ കാർ നിർത്തിയിട്ട് റോഡിൽ കാത്തിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. തുടർന്ന് ആദി ശേഖറും സുഹൃത്തും സൈക്കിൾ ചവിട്ടാനായി റോഡിലേക്ക് എത്തി. ആദി ശേഖർ സുഹൃത്തിന്‍റെ കൈയിൽ നിന്ന് സൈക്കിൾ വാങ്ങി ചവിട്ടാൻ തുടങ്ങിയപ്പോൾ സമീപത്ത് നിർത്തിയിട്ടിരുന്ന പ്രിയരഞ്ജന്‍റെ കാർ അമിതവേഗതയിലെത്തി കുട്ടിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന കുട്ടി തലനാരിഴയ്‌ക്ക് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. മദ്യ ലഹരിയിലാണ് പ്രതി കാർ ഓടിച്ചിരുന്നത് എന്നും നാട്ടുകാർ പറയുന്നു. ഇലക്‌ട്രിക്കൽ കാറാണ് പ്രിയരഞ്ജൻ ഓടിച്ചിരുന്നത്. കുട്ടിയെ ഇടിച്ചുതെറിപ്പിച്ച ശേഷം കുറച്ചകലെ കാർ നിർത്തിയെങ്കിലും ഉടൻ തന്നെ അമിത വേഗത്തിൽ സ്ഥലത്തുനിന്നും കടന്നുകളഞ്ഞു.