തിരുവനന്തപുരം :കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ പ്രിന്‍സിപ്പാളും എസ്എഫ്ഐ നേതാവും ചേര്‍ന്ന് നടത്തിയ തെരഞ്ഞെടുപ്പ് അട്ടിമറി കേസില്‍ പൊലീസ് അന്വേഷണം ഇഴയുന്നുവെന്ന് ആരോപണം. സര്‍ക്കാരിന്‍റെ ഒത്താശയോടെ കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് കെഎസ്‌യുവിന്‍റെയും കോൺഗ്രസിന്‍റെയും ആരോപണം. അന്വേഷണത്തിന്‍റെ ഭാഗമായി പൊലീസ് ഇതുവരെ ആരോപണ വിധേയരുടെ അടക്കം ആരുടെയും മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും പരാതിക്കാര്‍ ആരോപിക്കുന്നു.
ഒന്നാം പ്രതിയായ പ്രിന്‍സിപ്പാൾ ഷൈജു അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സെഷന്‍സ് കോടതിയെ സമീപിച്ചിരിക്കുകയാണെന്നും കേസ് കോടതി പരിഗണനയില്‍ ആയതുകൊണ്ടും വിശാഖ് ഒളിവിലായതിനാലുമാണ് അറസ്റ്റ് നടക്കാത്തത് എന്നുമാണ് വിഷയത്തിൽ കാട്ടാക്കട പൊലീസിന്‍റെ വിശദീകരണം. അതേസമയം, ഷൈജുവിനെ വെള്ളിയാഴ്‌ച (ജൂൺ 9) വരെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി ഉത്തരവ്. കോളജ് തെരഞ്ഞെടുപ്പ് കഴിഞ്ഞുള്ള സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ യുയുസിയുടെ പട്ടികയില്‍ തെരഞ്ഞെടുപ്പിൽ വിജയിച്ച അനഘ എന്ന വിദ്യാർഥിക്ക് പകരം വിശാഖിന്‍റെ പേര് ചേര്‍ക്കുകയായിരുന്നു.
ജൂൺ 9 വരെ അറസ്റ്റ് പാടില്ലെന്ന് കോടതി : കോളജ് പ്രിന്‍സിപ്പാൾ എന്ന നിലയില്‍ സര്‍വകലാശാല ചട്ടങ്ങള്‍ അനുസരിച്ച് മാത്രമേ വിഷയത്തില്‍ താന്‍ നടപടി സ്വീകരിച്ചിട്ടുള്ളു എന്ന് ഷൈജു കോടതിയില്‍ വ്യകതമാക്കിയിരുന്നു. സര്‍വകലാശാല ചട്ടങ്ങളെക്കുറിച്ച് പഠിക്കാന്‍ സമയം വേണമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ഹരീഷ് കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് വിശദമായ വാദം കേള്‍ക്കുന്നതിനായി കേസ് ജൂണ്‍ ഒമ്പതിലേക്ക് മാറ്റിയിരിക്കുകയാണ്. ഷൈജുവിനെ ജൂണ്‍ 9 വരെ അറസ്റ്റ് ചെയ്യരുതെന്ന് ജൂണ്‍ 3ന് കോടതി ഉത്തരവിട്ടിരുന്നു.
Also read :എസ്എഫ്ഐ ആൾമാറാട്ട കേസ്: കോളജ് പ്രിൻസിപ്പൽ ഷൈജുവിനെ വെള്ളിയാഴ്‌ച വരെ അറസ്റ്റ് ചെയ്യരുതെന്ന് ഉത്തരവ്
പ്രായം തെറ്റായി രേഖപ്പെടുത്തി പൊലീസ് : നേരത്തെ എഫ്‌ഐആറില്‍ വിശാഖിന്‍റെ പ്രായം 25ന് പകരം 19 എന്ന് രേഖപ്പെടുത്തിയതിന്‍റെ പേരില്‍ പൊലീസിനെതിരെ കടുത്ത വിമർശനം ഉയര്‍ന്നിരുന്നു. 25 വയസുള്ളതിനാലായിരുന്നു വിശാഖിന് യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നത്. എസ്എഫ്‌ഐയെ പ്രതിക്കൂട്ടിലാക്കിയ തെരഞ്ഞെടുപ്പ് ആൾമാറാട്ട വിഷയത്തിൽ ആരോപണ വിധേയനായ കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് താൽക്കാലിക പ്രിന്‍സിപ്പാൾ ഡോ. ജി ജെ ഷൈജുവിനെ കേരള സർവകലാശാല സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. സര്‍വകലാശാലയ്ക്ക് കീഴിലുള്ള എല്ലാ കോളജുകളോടും ഒരിക്കല്‍ കൂടി തെരഞ്ഞെടുപ്പ് വിവരങ്ങള്‍ അറിയിക്കാനും നിര്‍ദേശം നല്‍കിയിരുന്നു.
Also read :'യഥാർഥ പ്രായം 25, പൊലീസിന് 18'; എസ്എഫ്ഐയുടെ ആള്‍മാറാട്ട കേസിൽ എഫ്ഐആറില്‍ ഗുരുതര പിഴവുകൾ
ഡിസംബറില്‍ നടന്ന കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കാട്ടാക്കട കോളജില്‍ നിന്ന് അനഘ എന്ന വിദ്യാര്‍ഥിയാണ് കേരള സര്‍വകലാശാലയിലേക്ക് യുയുസിയായി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ കോളജില്‍ നിന്ന് യൂണിവേഴ്‌സിറ്റിക്ക് നല്‍കിയത് അനഘയുടെ പേര് ഒഴിവാക്കി വിശാഖിന്‍റെ പേര് ചേർത്തുള്ള പട്ടികയായിരുന്നു. തുടർന്ന് ആള്‍മാറാട്ടം, വിശ്വാസവഞ്ചന, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ എന്നിവയില്‍ ഷൈജുവിനെതിരെ ക്രിമിനല്‍ കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍വകലാശാല രജിസ്ട്രാറും കെഎസ്‌യു സംസ്ഥാന കമ്മിറ്റിയും ജില്ല പൊലീസ് മേധാവിക്കും കാട്ടാക്കട സ്റ്റേഷനിലും പരാതി നല്‍കി.
സംഭവം വിവാദമായതോടെ പ്രിന്‍സിപ്പാൾ ജി ജെ ഷൈജുവിനെ സര്‍വകലാശാല ആസ്ഥാനത്തേക്ക് വിളിച്ച് വരുത്തി വിശദീകരണം തേടിയിരുന്നു. എന്നാല്‍ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട അനഘയ്ക്ക് സ്ഥാനത്ത് തുടരാന്‍ താത്പര്യമില്ലാത്തതിനാല്‍ വിശാഖിന്‍റെ പേര് ചേര്‍ക്കുകയായിരുന്നു എന്നായിരുന്നു പ്രിന്‍സിപ്പാൾ ഷൈജുവിന്‍റെ വിശദീകരണം.
പിടിഎ ഫണ്ടില്‍ നിന്ന് പ്രിന്‍സിപ്പാൾ ഷൈജു 52 ലക്ഷം രൂപ തിരുമറി നടത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു. ഈ കേസ് ഒത്തുതീര്‍പ്പാക്കാന്‍ സഹായിച്ചതിന് പ്രത്യുപകാരമായാണ് എസ്എഫ്ഐയുടെ ആള്‍മാറാട്ടത്തിന് ഷൈജു കൂട്ടുനിന്നതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.