തിരുവനന്തപുരം:കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ (Karyavattom Greenfield Stadium) ഇന്ന് (29-09-2023) നടക്കാനിരിക്കുന്ന ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പ് (ICC ODI Cricket World Cup) സന്നാഹ മത്സരം (Warm Up Match) ഉപേക്ഷിച്ചുവെങ്കില്‍ ഏറെ ചര്‍ച്ചയായത് മഴ ആശങ്കയായിരുന്നു. ജില്ലയിൽ രാവിലെ മുതൽ കനത്ത മഴയായതുകൊണ്ടുതന്നെ കളി മുടങ്ങുമോയെന്ന ആശങ്ക രാവിലെ മുതല്‍ തന്നെ ക്രിക്കറ്റ് പ്രേമികളിലുണ്ടായിരുന്നു. ജില്ലയിൽ യെല്ലോ അലർട്ട് (Yellow Alert) കൂടി പ്രഖ്യാപിച്ചിരുന്നതിനാല്‍ അതിനുള്ള സകല സാധ്യതകളും പ്രകടവുമായിരുന്നു.
ഗ്രീൻഫീൽഡിലെ ആദ്യ സന്നാഹ മത്സരം ദക്ഷിണാഫ്രിക്കയും അഫ്‌ഗാനിസ്ഥാനും തമ്മിലായിരുന്നു. ഉച്ചയ്ക്ക് രണ്ട് മണി മുതലായിരുന്നു മത്സരം നടക്കേണ്ടിയിരുന്നത്. എന്നാൽ ഇടതടവില്ലാതെ മഴ പെയ്യുന്നതു മൂലം മത്സരം നടത്താനാകുമോ എന്ന് കേരള ക്രിക്കറ്റ് അസോസിയേഷനും ആശങ്കയിലായി. ഇതോടെ ഗ്രൗണ്ടിലെ പിച്ചും ഔട്ട് ഫീൽഡും മൂടി സൂക്ഷിച്ചിരുന്നു.
മഴ മാറിയില്ല, മത്സരം ഒഴിവാക്കി: മഴ മത്സരത്തിന് ഭീഷണി ഉയർത്തുന്നുണ്ടെങ്കിലും മഴപെയ്‌ത് തീർന്നാൽ അരമണിക്കൂറിനുള്ളിൽ ഗ്രൗണ്ട് മത്സരയോഗ്യമാക്കാനാകുമെന്നാണ് കെസിഎ അധികൃതർ വ്യക്തമാക്കിയിരുന്നത്. എന്നാൽ തുടർച്ചയായി മഴ നിർത്താതെ പെയ്യുന്ന സാഹചര്യമുണ്ടായാൽ മത്സരം ഉപേക്ഷിക്കേണ്ടി വന്നേക്കുമെന്നും ഉറപ്പായിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് ഐസിസി അധികൃതര്‍ അന്നേരം തീരുമാനം അറിയിച്ചിരുന്നില്ല.
കാണികളില്ലാതെ കാര്യവട്ടം: മാത്രമല്ല മഴ കാരണം സ്‌റ്റേഡിയത്തിലേക്ക് കാണികളും എത്തിയിരുന്നില്ല. സാധാരണ ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ അന്താരാഷ്ട്ര മത്സരങ്ങൾ നടക്കുമ്പോൾ ഉത്സവാന്തരീക്ഷമാണ്. എന്നാൽ മഴ മൂലം സ്റ്റേഡിയവും പരിസരവും ഇന്ന് വിജനമായിരുന്നു. രണ്ട് മണിക്കാണ് മത്സരം ആരംഭിക്കേണ്ടിയിരുന്നത്. എന്നാൽ കനത്ത മഴ തുടര്‍ന്നതോടെ ഓരോവർ പോലും എറിയാനാകാതെ മത്സരം ഉപേക്ഷിക്കേണ്ടി വരും എന്ന സൂചനകളും ഉച്ചയോടെ എത്തിത്തുടങ്ങി. കൂടാതെ ഇരു ടീമുകളും സ്‌റ്റേഡിയത്തിൽ എത്തിയിരുന്നില്ല.
മത്സരത്തിന് മുന്നോടിയായി ഇരു ടീമുകൾക്കും ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ പരിശീലനത്തിന് സമയം ക്രമീകരിച്ചിരുന്നു. എന്നാൽ മഴമൂലം ഇരു ടീമുകളും പരിശീലനത്തിന് എത്തിയിരുന്നില്ല. മാത്രമല്ല മറ്റു ടീമുകൾക്ക് തുമ്പ സെന്‍റ് സേവിയേഴ്‌സ് കോളജ് ഗ്രൗണ്ടിലും പരിശീലനത്തിന് സമയക്രമം അനുവദിച്ചിരുന്നു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഒരു ടീമുകളും ഇവിടെയും പരിശീലനത്തിന് ഇറങ്ങിയിരുന്നില്ല.
മത്സരങ്ങള്‍ ഇങ്ങനെ: അതേസമയം ഒക്ടോബർ മൂന്നിന് നെതർലൻഡ്‌സുമായാണ് ഇന്ത്യയുടെ സന്നാഹ മത്സരം. സെപ്റ്റംബര്‍ 30ന് ഓസ്ട്രേലിയയും നെതര്‍ലന്‍ഡ്‌സും ഒക്ടോബര്‍ രണ്ടിന് ന്യൂസിലന്‍ഡും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. ഒക്‌ടോബര്‍ അഞ്ചിനാണ് ടൂര്‍ണമെന്‍റ് ആരംഭിക്കുന്നത്. 10 വേദികളിലാണ് മത്സരങ്ങള്‍ നടക്കുക.
ആദ്യ റൗണ്ടില്‍ ആകെ 45 മത്സരങ്ങളാണുള്ളത്. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് കഴിഞ്ഞ പ്രാവശ്യത്തെ ഫൈനലിസ്റ്റുകളായ ന്യൂസിലന്‍ഡിനെ നേരിടും. അഹമ്മദാബാദിലാണ് ഈ മത്സരം നടക്കുക. ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം ഒക്‌ടോബര്‍ 14ന് അഹമ്മദാബാദില്‍ തന്നെയാണ് അരങ്ങേറുക. അതേസമയം ഇന്ത്യ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയെയാണ് നേരിടുന്നത്. ഒക്‌ടോബര്‍ എട്ടിന് ചെന്നൈയിലാണ് ഈ മത്സരം.