തിരുവനന്തപുരം :കര്‍ണാടകയില്‍ മെയ് 10ന് നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി തുടങ്ങിയ താര പ്രചാരകര്‍ പ്രചാരണ രംഗം കൊഴുപ്പിക്കുകയാണെങ്കിലും കര്‍ണാടകയുടെ തെക്കന്‍ അതിര്‍ത്തി ജില്ലയായ കുടകില്‍ പുറമേയ്‌ക്ക് വലിയ ആരവമില്ല. കേരളത്തിലെ കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്ന കുടകില്‍ തെരഞ്ഞെടുപ്പ് രംഗം പൊതുവേ നിശബ്‌ദമാണ്.
വിരാജ്‌പേട്ട്, മടിക്കേരി എന്നീ രണ്ട് നിയോജക മണ്ഡലങ്ങളാണ് ഈ അതിര്‍ത്തി ജില്ലയിലുള്ളത്. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയുമായി അതിർത്തി പങ്കിടുന്ന വിരാജ്‌പേട്ടിലെ തെരഞ്ഞെടുപ്പ് കാഴ്‌ചകളിലൂടെ.
വീരരാജപേട്ട് അഥവാ വിരാജ്‌പേട്ട്. 2018ല്‍ ബിജപി സ്ഥാനാര്‍ഥി കെ ജി ബൊപ്പയ്യ വിജയിച്ച മണ്ഡലമാണിത്. പൊതുവെ ബിജെപിക്ക് മേല്‍ക്കൈ ഉള്ള മണ്ഡലം. കണ്ണൂര്‍ ജില്ലയുമായി അതിര്‍ത്തി പങ്കിടുന്നുണ്ടെങ്കിലും കണ്ണൂരിന്‍റെ കമ്മ്യൂണിസ്റ്റ് മതേതര പാരമ്പര്യങ്ങള്‍ക്കപ്പുറം ഇവിടം കര്‍ണാടകയുടെ പൊതു രാഷ്‌ട്രീയവുമായാണ് പൊരുത്തപ്പെട്ട് കിടക്കുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലെ ഒരു പട്ടണത്തിലേക്ക് കടന്നുവരുമ്പോള്‍ കാണുന്ന ഒരു പ്രചാരണ മോടിയും വിരാജ്‌പേട്ടില്‍ കാണാനാകില്ല.