തിരുവനന്തപുരം:ഇന്ന് കര്‍ക്കടകം ഒന്ന്,പിതൃപുണ്യം തേടിയുള്ള ബലിതർപ്പണ ചടങ്ങുകൾ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നടക്കുകയാണ്. സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിലായി പുലര്‍ച്ചയോടെ തന്നെ ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചിരുന്നു.
തിരുവനന്തപുരത്ത് ശംഖുമുഖം, തിരുവല്ലം, വര്‍ക്കല എന്നിവിടങ്ങളിലാണ് പ്രധാനമായും ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുന്നത്. ശംഖുമുഖം തീരത്ത് നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും നിരവധി വിശ്വാസികളാണ് ഇവിടേക്ക് ബലിതർപ്പണത്തിനായി എത്തുന്നത്. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു ശംഖുമുഖത്ത് ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചത്.
ശംഖുമുഖം തീരത്ത് കടലാക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ കർശനമായ സുരക്ഷ സംവിധാനങ്ങളോടുകൂടിയാണ് ബലിതർപ്പണത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. ശക്തമായ തിരയടിയുള്ളതിനാൽ കേരള പൊലീസിന്‍റെയും ലൈഫ് ഗാർഡുമാരുടെയും സിവിൽ ഡിഫൻസിന്‍റെയും കർശന നിരീക്ഷണവുമുണ്ട്. അതേസമയം, തിരുവനന്തപുരം ജില്ലയിൽ ഏറ്റവും അധികം ആളുകൾ ബലിതർപ്പണത്തിനായി എത്തുന്ന തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിൽ ഇത്തവണ ഒരേ സമയം 3,500 പേർക്ക് ബലിതർപ്പണം നടത്താനുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
പുലർച്ചെ 2:30 മുതലാണ് ഇവിടെ ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചത്. പുലർച്ചെ മുതൽ നിരവധി പേരാണ് ബലിതർപ്പണത്തിനായി ക്ഷേത്രത്തിലേക്ക് എത്തിയത്. ദേവസ്വം ബോർഡിൻ്റെ ഉൾപ്പെടെ പത്തോളം ബലി മണ്ഡപങ്ങളാണ് ശംഖുമുഖത്ത് സജ്ജീകരിച്ചിരിക്കുന്നത്.
സ്‌നാനത്തിനായി തീരത്തെ ഒരു ഭാഗം മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ദേവസ്വം ബോർഡിന്‍റെ ലൈസൻസുള്ള 27 പുരോഹിതന്മാരെയാണ് പൂജാതി കർമ്മങ്ങൾക്കായി നിയോഗിച്ചിരിക്കുന്നത്. വർക്കല കടപ്പുറത്തെ ദേവസ്വം ബോർഡിന്‍റെ ബലിമണ്ഡപത്തിലും താൽക്കാലിക മണ്ഡപത്തിലും 16ന് രാത്രി 10:25 മുതൽ ബലിതർപ്പണം ആരംഭിച്ചു.