തിരുവനന്തപുരം: കരിവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഎമ്മിനെ പ്രതിസ്ഥാനത്ത് നിർത്തി പ്രതിപക്ഷം. അടിയന്തര പ്രമേയമായി നിയമസഭയിൽ വിഷയം ഉന്നയിച്ച പ്രതിപക്ഷം തുടക്കം മുതൽ തട്ടിപ്പ് നടന്നത് സിപിഎം നേതാക്കളുടെ അറിവോടെയാണെന്നാണ് ആരോപിച്ചത്.
പ്രതിപക്ഷത്ത് നിന്നും ഷാഫി പറമ്പിൽ ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുകയാണെന്നും ബാങ്ക് പിരിച്ചുവിട്ടിട്ടുണ്ടെന്നും തട്ടിപ്പ് നടത്തിയ ജീവനക്കാരെ സസ്പെൻഡ് ചെയ്തതെന്നും സഹകരണ മന്ത്രി വി എൻ വാസവൻ പ്രതിപക്ഷത്തിന് മറുപടി നൽകി. കേരളം കണ്ട ഏറ്റവും വലിയ ബാങ്ക് തട്ടിപ്പാണ് സിപിഎം ഭരണസമിതി നടത്തിയതെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.
തട്ടിപ്പിന് പിന്നിലുള്ളവരെ നിയമത്തിനു മുന്നിൽ കൊണ്ടു വരും
ബാങ്ക് തട്ടിപ്പ് പറഞ്ഞിട്ടും പൂഴ്ത്തി വയ്ക്കാനാണ് സിപിഎം നേതൃത്വം ശ്രമിച്ചതെന്നും ഷാഫി പറമ്പിൽ ആരോപിച്ചു. തട്ടിപ്പിന് പിന്നിലുള്ളവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരിക തന്നെ ചെയ്യുമെന്നും അഴിമതിയെ ഒരു രീതിയിലും വച്ചുപൊറുപ്പിക്കുന്ന സർക്കാരല്ലെന്നുമായിരുന്നു സഹകരണ മന്ത്രിയുടെ മറുപടി.
തുടർന്ന് സംസാരിച്ച പ്രതിപക്ഷ നേതാവും സിപിഎമ്മിനെ പ്രതിസ്ഥാനത്ത് നിർത്തിയാണ് സംസാരിച്ചത്. 2018 മുതൽ ബാങ്കിൽ നടന്ന തട്ടിപ്പ് സിപിഎം ജില്ലാ കമ്മിറ്റി കമ്മീഷനെ വച്ച് അന്വേഷിച്ചു ബോധ്യപ്പെട്ടതാണ്. എന്നിട്ടും നടന്ന ക്രൈം പാർട്ടിയിൽ തന്നെ ഒതുക്കി തീർക്കാനാണ് ശ്രമം. ജനങ്ങളുടെ പണം എടുത്ത് തട്ടിപ്പ് നടത്തുന്നത് പാർട്ടി കാര്യമല്ല.
അന്വേഷണ റിപ്പോർട്ടുകൾ മറച്ചുവച്ചു
അന്വേഷണ റിപ്പോർട്ടുകൾ എല്ലാം മറച്ചുവച്ചത് സിപിഎം നേതാക്കൾക്ക് ഇതിൽ പങ്കുള്ളതുകൊണ്ടാണ്. സംസ്ഥാന നേതൃത്വത്തിന് അറിവോടു കൂടിയാണ് ഈ തട്ടിപ്പെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. മാവേലിക്കര ബാങ്കിൽ നടന്ന തട്ടിപ്പ് മന്ത്രി സജി ചെറിയാനും ഉന്നയിച്ചു.
മാവേലിക്കര ബാങ്ക് തട്ടിപ്പ് നടത്തിയ സെക്രട്ടറിയെ സംരക്ഷിക്കുന്നത് ആരെന്ന് അറിയാമെന്നും ആ പേര് പറഞ്ഞാൽ സഭ നിർത്തി വെയ്‌ക്കേണ്ടി വരുമെന്നുമായിരുന്നു സതീശന്‍റെ മറുപടി. തട്ടിപ്പു നടത്തിയവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന സഹകരണ മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തിൽ സ്പീക്കർ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി.