തിരുവനന്തപുരം : മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനും, നീന്തല്‍ താരമാകുന്നതിനുമുള്ള പരിശീലനങ്ങളാണ് ഇന്ന് സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലുമുള്ള സ്വിമ്മിങ് പൂളുകളില്‍ നല്‍കി വരുന്നത്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്‌തമായ രീതിയിലൊരു നീന്തല്‍ പരിശീലനമാണ് കരമന നെടുങ്കാട് യു.പി സ്‌കൂളിന്‍റെ ഭാഗമായ നീന്തല്‍ക്കുളത്തില്‍ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും നല്‍കുന്നത്.
അബദ്ധത്തില്‍ വെള്ളക്കെട്ടുകളിലും മറ്റും വീണുപോയാല്‍ സ്വയം ജീവന്‍ രക്ഷപ്പെടുത്തുന്നതിനുള്ള അടിസ്ഥാന പരിശീലനം ഫയർ ഫോഴ്‌സിന്‍റെ ജില്ല സ്‌കൂബ ഡൈവിംഗ് ടീമാണ് നല്‍കുന്നത്. സംസ്ഥാന സര്‍ക്കാരിന്‍റെ ജലരക്ഷ പദ്ധതിയുടെ ഭാഗമായി 2014-ലാണ് വിദ്യാലയത്തില്‍ സ്വിമ്മിങ് പൂളിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. 2016 മുതലാണ് ഫയര്‍ ഫോഴ്‌സ് സംഘം നീന്തല്‍ പരിശീലനം നല്‍കി തുടങ്ങിയത്. റീജ്യണല്‍ ഫയര്‍ ഓഫിസറുടെ നേതൃത്വത്തില്‍ എംഎല്‍എ ചെയര്‍മാനായ സമിതിക്ക് കീഴിലാണ് നീന്തല്‍ക്കുളത്തിലെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
മത്സരത്തിനല്ല, ജീവന്‍ രക്ഷിക്കാന്‍ പ്രത്യേക നീന്തല്‍ പരിശീലനം പരിശീലന രീതി :ഏഴ് വയസ് മുതലുള്ളവര്‍ക്കാണ് പൂളില്‍ പരിശീലനം നല്‍കി വരുന്നത്. സ്‌ത്രീകളും കുട്ടികളും ഉള്‍പ്പടെ നിരവധി പേരാണ് ഇവിടെ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയത്. സ്‌ത്രീകളെ ഉള്‍പ്പടെ പരിശീലിപ്പിക്കുന്നതിനായി രണ്ട് വനിത ദേശീയതാരങ്ങളെയും അധികൃതര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.
രാവിലെ ആറ് മുതലാണ് പൂളില്‍ പരിശീലനം ആരംഭിക്കുന്നത്. എട്ട് മുതല്‍ 11 വരെയുള്ള സമയത്ത് സ്‌ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കും മാത്രം പ്രവേശനം നല്‍കിയാണ് പരിശീലനം നടക്കുന്നത്. തുടര്‍ന്ന് രാത്രി എട്ട് മണിവരെയും പരിശീലനത്തിനായി വിവിധ സംഘങ്ങള്‍ സ്ഥലത്ത് എത്തും. പ്രധാനമായും ശാസ്‌ത്രീയമായ രീതിയില്‍ ഫ്രീസ്‌റ്റൈല്‍ നീന്തല്‍ മാത്രമാണ് പഠിപ്പിക്കുന്നത്.
പുഴയിലോ വെള്ളക്കെട്ടിലോ ഒക്കെ വീണുള്ള വിദ്യാർഥികളുടെയും യുവാക്കളുടെയും മരണങ്ങൾ സർവ സാധാരണമായിട്ടുണ്ട്. ഇതുണ്ടാകാതിരിക്കാൻ ചെറുപ്രായത്തിൽ തന്നെ നീന്തൽ പരിശീലനം കുട്ടികൾക്ക് നൽകാൻ രക്ഷിതാക്കൾ തയ്യാറാകണം. ലഭ്യമായ ഇത്തരം സൗകര്യങ്ങൾ പ്രയോജനപ്പെടുത്താൻ സ്‌കൂളുകളും മുൻകൈയെടുക്കണം.