കേരളം

kerala

ETV Bharat / state

കരമനയിലെ ജയമാധവന്‍ നായരുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് രാസപരിശോധനാ ഫലം - karamana jayadevan nair death

ജയമാധവന്‍റെ തലയ്‌ക്കേറ്റ ക്ഷതങ്ങളാണ് മരണകാരണമെന്നാണ് പരിശോധന ഫലം വ്യക്തമാക്കുന്നത്. നെറ്റിയിലും മൂക്കിലുമായാണ് പരിക്കുള്ളത്.

കരമനയിലെ ജയമാധവന്‍ നായരുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് രാസപരിശോധനാ ഫലം

By

Published : Oct 31, 2019, 11:23 PM IST

തിരുവനന്തപുരം: കരമന കൂടത്തില്‍ കുടുംബത്തിലെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് രാസപരിശോധനാ ഫലം. കുടംബത്തില്‍ അവസാനം മരിച്ച ജയദേവന്‍ നായരുടെ മരണത്തിലാണ് ദുരൂഹത. തലയ്‌ക്കേറ്റ ക്ഷതങ്ങളാണ് മരണകാരണമെന്നാണ് പരിശോധന ഫലം വ്യക്തമാക്കുന്നത്. നെറ്റിയിലും മൂക്കിലുമായാണ് പരിക്കുള്ളത്.

കുടുംബത്തിലെ രണ്ട് പേരുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പരാതി. ജയമാധവന്‍റെ മരണത്തില്‍ മാത്രമാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നടന്നിട്ടുള്ളത്. ദുരൂഹത ആരോപിക്കുന്ന ജയപ്രകാശിന്‍റെ മരണത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നില്ല. ജയമാധവന് പരിക്കേറ്റത് എങ്ങനെയെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പ്രത്യേക അന്വേഷണ സംഘം. ഇതിനായി സ്വത്ത് തട്ടിപ്പ് കേസില്‍ ഒന്നാം പ്രതിയും കുടുംബത്തിലെ കാര്യസ്ഥനുമായിരുന്ന രവീന്ദ്രന്‍ നായരുടെ മൊഴി അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തി. വീണുകിടക്കുന്ന നിലയില്‍ ജയമാധവനെ കണ്ടുവെന്ന മൊഴിയാണ് രവീന്ദ്രന്‍ ആവര്‍ത്തിച്ചത്.

2012 ഏപ്രില്‍ രണ്ടിനായിരുന്നു ജയമാധവന്‍ മരിച്ചത്. വീട്ടിനുള്ളില്‍ വീണുകിടന്ന ജയമാധവൻ നായരെ രവീന്ദ്രന്‍ ആശുത്രിയിലേക്ക് കൊണ്ടുപോവുകയും മെഡിക്കല്‍ കോളജില്‍ എത്തുന്നതിന് മുമ്പ് മരിക്കുകയായിരുന്നു എന്നാണ് രവീന്ദ്രന്‍റെ മൊഴി. നേരത്തെ മരണം സംബന്ധിച്ച് രവീന്ദ്രന്‍റെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടായിരുന്നു. ജയമാധവന്‍ മരിച്ച ദിവസം മുന്‍കാര്യസ്ഥന്‍ സഹദേവന്‍ പറഞ്ഞയച്ച ഓട്ടോ റിക്ഷയിലാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടു പോയതെന്ന മൊഴിയാണ് 2016ല്‍ ലോക്കല്‍ പൊലീസിന് കാര്യസ്ഥന്‍ രവീന്ദ്രന്‍ നല്‍കിയത്. 2018ല്‍ ക്രൈംബ്രാഞ്ച് അന്വേഷണം വന്നപ്പോള്‍ താന്‍ വിളിച്ച് വരുത്തിയ ഓട്ടോറിക്ഷയിലാണ് ജയമാധവനെ കൊണ്ട് പോയതെന്ന് രവീന്ദ്രന്‍ തിരുത്തി. ഈ രണ്ട് മൊഴികളുടെയും പകര്‍പ്പ് പ്രത്യേക അന്വേഷണ സംഘം പരിശോധിച്ചു. വരും ദിവസങ്ങളില്‍ കേസില്‍ കൂടുതല്‍ മൊഴി രേഖപ്പെടുത്താനും അന്വേഷണം ഊര്‍ജ്ജിതപ്പെടുത്താനുമുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം.

ABOUT THE AUTHOR

...view details