തിരുവനന്തപുരം:കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ട് ജയമാധവൻ നായരുടെ പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ട് പുറത്ത്. 2017 ഏപ്രില്‍ രണ്ടിന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിന്‍റെ വിശദാംശങ്ങളാണ് പുറത്ത് വന്നത്. പ്രാഥമിക പരിശോധനയിൽ അസ്വാഭാവികതകളില്ലെന്നും ആന്തരികാവയവങ്ങൾ സാധാരണ നിലയിലാണെന്നുമാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. നെറ്റിയിലും മുഖത്തും ചെറിയ പരിക്കുകളുണ്ട്. ജയമാധവന്‍ വീട്ടില്‍ നിലത്തുവീണ് മരിച്ചുവെന്നായിരുന്നു കാര്യസ്ഥന്‍ അടക്കമുള്ളവരുടെ മൊഴി. അതുകൊണ്ടാകാം മുറിവ് ഉണ്ടായതെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ മരണകാരണം വ്യക്തമല്ല. മരണ കാരണം സ്ഥിരീകരിക്കാൻ ശാസ്‌ത്രീയ പരിശോധനാ ഫലം ആവശ്യമാണെന്നാണ് പൊലീസ് നിഗമനം.
കരമനയിലെ ദുരൂഹ മരണങ്ങൾ; ജയമാധവൻ നായരുടെ പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ട് പുറത്ത് - jayamadhavan's post mortem report news
ആന്തരികാവയവങ്ങൾ സാധാരണ നിലയിലെന്നും അസ്വാഭാവികതകളില്ലെന്നും പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ട്.
അതേസമയം ദുരൂഹമരണങ്ങളിലും സ്വത്ത് കൈമാറ്റത്തിലും അന്വേഷണം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം. ജയപ്രകാശിന്‍റെയും ജയമാധവന്‍റെയും മരണശേഷം നടന്ന ഭൂമി കൈമാറ്റങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. അതിനായി റവന്യൂ രജിസ്‌ട്രേഷന്‍ വകുപ്പുകള്‍ക്ക് അന്വേഷണ സംഘം കത്ത് നല്‍കും. കോടതി രേഖകളും പരിശോധിക്കും. കുടുംബത്തിന് ഭൂസ്വത്തുക്കള്‍ എവിടെയെല്ലാമുണ്ടെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. കാര്യസ്ഥനായ രവീന്ദ്രന്‍ നായര്‍ വ്യാജ വില്‍പത്രം ഉണ്ടാക്കി കൂടത്തില്‍ കുടുംബത്തിന്‍റെ സ്വത്തുകള്‍ തട്ടിയെടുത്തുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
അതേസമയം പരാതിയുമായി രംഗത്തെത്തിയ ബന്ധുക്കളുടെ മൊഴിയെടുക്കും. അവസാനം മരിച്ച ജയപ്രകാശിന്‍റെയും ജയമാധവന്‍റെയും മരണത്തില്‍ ദുരൂഹതയുണ്ടോയെന്നാണ് അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കുന്നത്. എന്നാല്‍ രണ്ട് മൃതദേഹങ്ങളും കത്തിച്ചത് അന്വേഷണത്തില്‍ വെല്ലുവിളിയാണ്.