ഗോൾഡൻ അവാർഡിന്‍റെ തിളക്കത്തില്‍ മികച്ച ടൂറിസം ഗ്രാമമായി കാന്തല്ലൂർ തിരുവനന്തപുരം: കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ മികച്ച ടൂറിസം ഗ്രാമത്തിനുള്ള ഗോള്‍ഡന്‍ അവാര്‍ഡിലേക്ക് ഇടുക്കിയിലെ കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തിനെ നയിച്ചത് ഹരിത പ്രോട്ടോക്കോള്‍ പാലിച്ച് നടപ്പിലാക്കിയ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിടി മോഹന്‍ദാസ്. ഗ്രാമ പഞ്ചായത്തിനെ പ്ലാസ്റ്റിക് മുക്തമാക്കുക മാത്രമല്ല, മാലിന്യ സംസ്‌കരണത്തിന് വ്യക്തമായ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്തു.
പ്ലാസ്റ്റിക് കാരി ബാഗുകള്‍ക്ക് പകരം ടൂറിസ്റ്റുകള്‍ക്ക് തുണി സഞ്ചി നല്‍കി. പ്ലാസ്റ്റിക് കുപ്പികളില്ലാതെ ഒരു രൂപയ്ക്ക് ഒരു ലിറ്റര്‍ ശുദ്ധ ജലവും 5 രൂപയ്ക്ക് ഒരു ലിറ്റര്‍ ചൂടുവെള്ളവും വിതരണം ചെയ്യുന്ന കുടിവെള്ള എടിഎമ്മുകള്‍ പഞ്ചായത്തിലെ ടൂറിസം ഇടങ്ങളില്‍ ഉടനീളം സ്ഥാപിച്ചു.
ടൂറിസ്റ്റുകളുടെ സുരക്ഷയ്ക്കായി എല്ലാ ടൂറിസം സ്പോട്ടുകളിലും സിസിടിവി സ്ഥാപിച്ചു. ടൂറിസം കേന്ദ്രങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍ തുടങ്ങി സഞ്ചാരികള്‍ ധാരാളമായി എത്തുന്നിടങ്ങളില്‍ കാന്തല്ലൂരിലെ പച്ചക്കറികളും പഴങ്ങളും വില്‍ക്കുന്ന സ്റ്റാളുകള്‍ സ്ഥാപിച്ചു. എട്ട് മാസം നീണ്ട കഠിന പ്രയത്‌നത്തിന്റെ ഫലമാണ് പഞ്ചായത്തിന് ടൂറിസം ഗോള്‍ഡന്‍ കാറ്റഗറിയില്‍ രണ്ടാം സ്ഥാനം നേടിയെടുത്തത്.
പഞ്ചായത്ത് തികച്ചും സ്‌ത്രീ സൗഹൃദമെന്നു മാത്രമല്ല, യുഎന്നിന്റെ സഹായത്തോടെ വനിത ടൂറിസ്റ്റുകള്‍ക്ക് സുരക്ഷിതമായി വന്നു പോകാവുന്ന ഇടവുമാക്കി. ഇനി വനിത സൗഹൃദ ടൂറിസം ഗ്രാമത്തിനുള്ള ലോക അവാര്‍ഡ് നേടുകയാണ് ലക്ഷ്യം. അതിനായി യുഎന്‍ അവാര്‍ഡിന് മത്സരിക്കാന്‍ ഒരുങ്ങുകയാണ് കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്ത് എന്നും പ്രസിഡന്റ് പിടി മോഹന്‍ദാസ് ഇടിവി ഭാരതിനോടു പറഞ്ഞു.
ഇക്കഴിഞ്ഞ സെപ്തംബറിലാണ് മികച്ച ടൂറിസം ഗ്രാമത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഗോള്‍ഡന്‍ അവാര്‍ഡ് ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ടൂറിസം സെക്രട്ടറി വിദ്യാവതിയില്‍ നിന്ന് കേരള ടൂറിസം ഡയറക്ടര്‍ പിബി നൂഹ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിടി മോഹന്‍ദാസ് എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങിയത്. 767 ഗ്രാമപഞ്ചായത്തുകളോട് മത്സരിച്ചതാണ് കാന്തല്ലൂര്‍ രണ്ടാം സ്ഥാനം നേടിയത്.