തിരുവനന്തപുരം:കണ്ണൂർ വൈസ് ചാൻസലർ നിയമനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രോസിക്യൂഷൻ അനുമതി തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കത്ത് നൽകി കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല. കണ്ണൂർ വിസി നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സ്വജനപക്ഷപാതം നടത്തിയെന്ന പരാതിയുമായി ബന്ധപ്പെട്ടാണ് പ്രോസിക്യൂഷന് അനുമതി തേടിയിരിക്കുന്നത്. വിജിലൻസ് കോടതിയിൽ നൽകിയ പരാതിയുടെ തുടർച്ചയായാണ് ഗവർണർക്ക് കത്ത് നൽകിയത്.
കണ്ണൂർ വിസി നിയമനത്തിൽ മുഖ്യമന്ത്രി സമ്മര്‍ദം ചെലുത്തിയെന്ന് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി അയച്ച കത്തുകളും ഗവർണർ പുറത്തുവിട്ടിരുന്നു. വിസി നിയമനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടെന്ന ഗവർണറുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ജ്യോതികുമാർ ചാമക്കാല വിജിലൻസിന് പരാതി നല്‍കിയത്.