തിരുവനന്തപുരം : കാട്ടാക്കട കണ്ടല സർവീസ് സഹകരണ ബാങ്കിൽ കോടികളുടെ നഷ്‌ടമെന്ന് സഹകരണ വകുപ്പിന്‍റെ അന്വേഷണ റിപ്പോർട്ട് (Kandala Service Co-operative Bank Scam). 57.24 കോടിയുടെ നഷ്‌ടമാണ് സി പി ഐ യുടെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെ കണ്ടല സഹകരണ ബാങ്കിനുണ്ടായതെന്ന് സഹകരണ വകുപ്പ് ജോയിന്‍റ് രജിസ്ട്രാർക്ക് സഹകരണ സംഘം ഇൻസ്‌പെക്‌ടർ നൽകിയ റിപ്പോർട്ടിൽ പറയുന്നു.
ബാങ്കിന്‍റെ പ്രസിഡന്‍റും സി പി ഐ നേതാവുമായ ഭാസുരംഗനാണ് ക്രമക്കേടുകളുടെ മുഖ്യ സൂത്രധാരനെന്നും നഷ്‌ടമായ തുക ഇയാളിൽ നിന്നും ഭരണസമിതി അംഗങ്ങളില്‍ നിന്നും ഈടാക്കണമെന്നും റിപ്പോർട്ടിലുണ്ട്. സഹകരണ നിയമങ്ങൾ കാറ്റിൽ പറത്തിയാണ് ഭരണ സമിതിയുടെയും ജീവനക്കാരുടെയും പ്രവർത്തനം. 101 കോടിയുടെ നിക്ഷേപ മൂല്യ ശോഷണമാണ് ഉണ്ടായത്. 34.43 കോടി രൂപയാണ് ബാങ്കിന്‍റെ മുൻ പ്രസിഡന്‍റിന്‍റെ ബന്ധുക്കൾക്കും ജീവനക്കാർക്കും അവരുടെ ബന്ധുക്കൾക്കും ചട്ടങ്ങൾ ലംഘിച്ച് വായ്‌പയായി നൽകിയത്.
സർക്കാർ നിശ്ചയിച്ച പലിശ തുകയേക്കാൾ ഉയർന്ന നിരക്കിൽ നിക്ഷേപങ്ങൾ സ്വീകരിച്ചതായും കണ്ടെത്തിയിട്ടുണ്ട്. നിക്ഷേപങ്ങൾ പലതും വകമാറ്റിയാണ് പലിശ നൽകിയത്. ഇത്തരത്തിൽ നിയമങ്ങൾ കാറ്റിൽ പറത്തി ബാങ്കിന്‍റെ തകർച്ചയ്ക്ക് തന്നെ കാരണമായ തട്ടിപ്പുകൾക്ക് നേതൃത്വം നൽകിയ അതാത് കാലത്തെ ഭരണസമിതി അംഗങ്ങളില്‍ നിന്നും ജീവനക്കാരില്‍ നിന്നും ബാധ്യത തിരിച്ചുപിടിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.