മലയാളിയുടെ സൗന്ദര്യസങ്കല്പങ്ങളെയും ശില്പബോധത്തെയും മാറ്റിമറിച്ച ശില്പി കാനായി കുഞ്ഞിരാമന് സാംസ്‌കാരിക കേരളത്തിന്‍റെ ആദരം. കാനായിയുടെ എണ്‍പതാം പിറന്നാളും അദ്ദേഹത്തിന്‍റെ പ്രശസ്തമായ യക്ഷി ശില്പത്തിന്‍റെ അമ്പതാം വാര്‍ഷികവും ആഘോഷിച്ചുകൊണ്ടായിരുന്നു സംസ്ഥാനസര്‍ക്കാരിന്‍റെ ആദരം. കനകക്കുന്ന് കൊട്ടാരത്തില്‍ നടന്ന സാംസ്‌കാരിക പരിപാടി മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം ചെയ്തു. യക്ഷി ശില്പമുണ്ടാക്കിയ കാലത്ത് ഏറെ വിവാദങ്ങള്‍ ഉയരുകയും അതിനെയൊക്കെ സ്വതസിദ്ധമായ നര്‍മത്തിലൂടെ കാനായി നേരിടുകയും ചെയ്തുവെന്ന് എ കെ ബാലന്‍ പറഞ്ഞു. മലയാളിയുടെ സദാചാരകാപട്യത്തോട് കാനായി നടത്തിയ സര്‍ഗാത്മ വെല്ലുവിളിയായി യക്ഷി ഇന്നും മലമ്പുഴയിലുണ്ട്. മലമ്പുഴയിലെ യക്ഷിയുള്‍പ്പടെ, പൊതുസ്ഥലങ്ങളിലെ കൂറ്റന്‍ ശില്പങ്ങളിലൂടെ മലയാളിയുടെ വികലമനസിനെ ചികിത്സിക്കാന്‍ കാനായി കുഞ്ഞിരാമന് കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
കാനായിയുടെ യക്ഷിക്ക് അമ്പത് വയസ്
സൗന്ദര്യത്തിന്‍റെ സമ്പൂര്‍ണതയാണ് കാനായിയുടെ ശില്പങ്ങളെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
കാനായി കുഞ്ഞിരാമൻ
ചടങ്ങില്‍ മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ അധ്യക്ഷനായി. കാനായിയുടെ ജീവിതത്തിലെയും ശില്പകലയിലെയും മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി ന്യൂസ് ഫോട്ടോഗ്രാഫര്‍ ജിതേഷ് ദാമോദര്‍ ഒരുക്കിയ ഫോട്ടോപ്രദര്‍ശനത്തിന്‍റെ ഉദ്ഘാടനം അടൂര്‍ ഗോപാലകൃഷ്ണന്‍ നിര്‍വഹിച്ചു.