തിരുവനന്തപുരം : സുദീർഘമായ രാഷ്ട്രീയ ജീവിതത്തിലെ തന്‍റെ കർമ്മ മണ്ഡലമായ തലസ്ഥാനത്ത് നിന്നും കാനം രാജേന്ദ്രന്‍റെ മൃതദേഹവും വഹിച്ച് കൊണ്ടുള്ള വിലാപയാത്ര ആരംഭിച്ചു (Kanam Rajendran Mourning procession). ആയിരങ്ങൾ അഭിവാദ്യമർപ്പിച്ച സിപിഐ സംസ്ഥാന കമ്മിറ്റി ഓഫിസിലെ പൊതുദർശനത്തിന് ശേഷം കൃത്യം 2 മണിക്ക് തിരുവനന്തപുരം പട്ടത്തെ പി എസ് സ്‌മാരകത്തിൽ നിന്നാരംഭിച്ച വിലാപയാത്രക്ക് പ്രവർത്തകർ മുദ്രാവാക്യം മുഴക്കി വിട നൽകി (Kanam Rajendran Mourning procession to Kottayam).
പ്രത്യേകം സജ്ജമാക്കിയ കെഎസ്ആർടിസി എസി ലോ ഫ്ലോർ ബസിലാണ് മൃതദേഹം കൊണ്ടു പോകുന്നത്. സിപിഐ നേതാക്കളായ ബിനോയ് വിശ്വം, കെ രാജൻ, പ്രകാശ് ബാബു, ജി ആർ അനിൽ, പന്ന്യൻ രവീന്ദ്രൻ തുടങ്ങിയവർ ബസിൽ കോട്ടയത്തേക്ക് പുറപ്പെട്ടു. കാനത്തിന്‍റെ മകൻ രവീന്ദ്രൻ കൊച്ചു മകൻ തുടങ്ങിയവരും ബസിലുണ്ട്. നാളെ (ഡിസംബര്‍ 10) രാവിലെ 11 മണിക്ക് കോട്ടയം കാനത്ത് സ്വവസതിയിലാണ് സംസ്‌കാരം.
വിലാപയാത്രയിൽ 19 ഇടത്ത് പ്രവർത്തകരും നേതാക്കളും സ്വീകരണം ഒരുക്കുന്നുണ്ട്. നാളെ രാവിലെ 9 മണിക്ക് സിപിഐ കോട്ടയം ജില്ല കമ്മിറ്റി ഓഫിസിലും പൊതുദർശനമുണ്ടാകും. ഇതിന് ശേഷമാകും വീട്ടിലേക്ക് കൊണ്ട് പോവുക.
ഉപചാരം അർപ്പിക്കാൻ സിപിഐ ഓഫീസിലെത്തിയത് ആയിരങ്ങൾ: അന്തരിച്ച സിപിഐ നേതാവ് കാനം രാജേന്ദ്രന് ഉപചാരം അർപ്പിക്കാൻ സിപിഐ ഓഫിസിലെത്തിയത് ആയിരങ്ങൾ. വിവിധ ജില്ലയിൽ നിന്നെത്തിയ സിപിഐ - സിപിഐഎം പ്രതിനിധികൾ നേരിട്ടെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. കക്ഷി രാഷ്ട്രീയ ഭേദമന്യേ നേതാക്കൾ നിലവിൽ സിപിഐയുടെ സംസ്ഥാന കമ്മിറ്റി ഓഫിസായി പ്രവർത്തിക്കുന്ന പി എസ് സ്‌മാരകത്തിൽ എത്തി ആദരാജ്ഞലികൾ അർപ്പിച്ചു.