തിരുവനന്തപുരം :കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിക്കെതിരെ സമ്മേളനത്തിന് തൊട്ടുമുന്‍പ് കഥകള്‍ മെനഞ്ഞവര്‍ക്ക് നിരാശരാകേണ്ടി വന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മൂന്നാം വട്ടവും സിപിഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമായിരുന്നു കാനത്തിന്‍റെ പ്രതികരണം. കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയില്‍ വിഭാഗീയതയോ ഗ്രൂപ്പിസമോ ഇല്ലെന്നും പാര്‍ട്ടി ഒറ്റക്കെട്ടാണെന്ന് ഈ സമ്മേളനം പൂര്‍ത്തിയായതോടെ ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണെന്നും സംസ്ഥാന സമ്മേളന പ്രതിനിധികളുടെ കരഘോഷത്തെ സാക്ഷിയാക്കി കാനം പറഞ്ഞു.
'കഥ മെനഞ്ഞവര്‍ക്ക് നിരാശരാകേണ്ടി വന്നു' ; പാര്‍ട്ടിയില്‍ വിഭാഗീയതയില്ലെന്ന് കാനം - കമ്മ്യൂണിസ്‌റ്റ്
സിപിഐ സംസ്ഥാന സെക്രട്ടറിയായി മൂന്നാം വട്ടവും തെരഞ്ഞെടുക്കപ്പെട്ട ശേഷം കഥ മെനഞ്ഞവര്‍ക്ക് നിരാശരാകേണ്ടി വന്നുവെന്നും പാര്‍ട്ടിയില്‍ അഭിപ്രായം പറയുന്നത് തെറ്റല്ലെന്നും പ്രതികരിച്ച് കാനം രാജേന്ദ്രന്‍
പാര്‍ട്ടി ഘടകങ്ങളില്‍ ജനാധിപത്യപരമായി അഭിപ്രായം പറയുന്നത് തെറ്റല്ല. ഇത് അടിമത്തത്തിന്റെ കാലമല്ലെന്നും ഇത്തരത്തില്‍ ഉയര്‍ത്തുന്ന അഭിപ്രായങ്ങളില്‍ ഐകകണ്‌ഠേന ചര്‍ച്ച നടത്തി അഭിപ്രായ ഐക്യത്തിലെത്തുകയാണ് പാര്‍ട്ടി രീതിയെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കമ്മിറ്റികളിലേക്കും ഐകകണ്‌ഠേനയാണ് തെരഞ്ഞെടുപ്പുണ്ടായതെന്നും പാര്‍ട്ടിയെ ഐക്യത്തോടെ മുന്നോട്ടുനയിക്കാന്‍ താനും തന്റെ സഹപ്രവര്‍ത്തകരും പരിശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് ഒരു മനസോടെ പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞ അദ്ദേഹം പ്രായപരിധി നടപ്പാക്കിയാണ് മുന്നോട്ടുപോകുന്നതെന്നും വ്യക്തമാക്കി. പ്രായപരിധിയും മൂന്ന് തവണ എന്നതും തനിക്കും ബാധകമാണെന്നും കാനം പറഞ്ഞു. അതേസമയം കാനത്തിനെതിരെ ഏറ്റവും കൂടുതല്‍ എതിര്‍പ്പുയര്‍ത്തിയ കെ.ഇ ഇസ്മയിലാണ് അദ്ദേഹത്തിന്‍റെ പേര് തെരഞ്ഞെടുപ്പില്‍ മുന്നോട്ടുവച്ചതെന്നതും ശ്രദ്ധേയമാണ്.