തിരുവനന്തപുരം :മുന്‍ റവന്യൂ മന്ത്രിയും സിപിഐ നേതാവുമായ ഇ ചന്ദ്രശേഖരന്‍ എംഎല്‍എയെ, ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ച കേസില്‍ സിപിഎം സാക്ഷികളുടെ കൂറുമാറ്റത്തിനെതിരെ പ്രതികരിക്കാതെ സിപിഐ സംസ്ഥാന സെക്രട്ടറി. സിപിഎം കാസര്‍കോട് ജില്ല കമ്മിറ്റിക്കെതിരെ സിപിഐ നേതാവ് കെ പ്രകാശ് ബാബു പ്രതികരിച്ചെങ്കിലും അദ്ദേഹത്തെ തള്ളുകയാണ് കാനം രാജേന്ദ്രൻ ചെയ്‌തത്. താൻ കുറച്ചുകൂടി ഉത്തരവാദിത്തപ്പെട്ട നേതാവാണെന്നും വിഷയം പാര്‍ട്ടി പരിശോധിക്കുമെന്നുമാണ് കാനത്തിന്‍റെ പ്രതികരണം.
പി പ്രകാശ് ബാബു ഉന്നയിച്ച വിമർശനം പാർട്ടിയിലും മുന്നണിയിലും പരിശോധിക്കും. സിപിഎം സംസ്ഥാന നേതൃത്വത്തിന്‍റെ ശ്രദ്ധ ക്ഷണിച്ചത് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും കാനം തിരുവനന്തപുരത്ത് പറഞ്ഞു. 2016ലെ തെരഞ്ഞെടുപ്പ് വിജയാഹ്‌ളാദത്തിനിടെ ഇ ചന്ദ്രശേഖരനെ ബിജെപിക്കാര്‍ ആക്രമിച്ച കേസിൽ സാക്ഷികളായ സിപിഎം നേതാക്കൾ കൂറുമാറിയതിനെതിരെ രൂക്ഷവിമര്‍ശനമാണ് പ്രകാശ് ബാബു ഉയര്‍ത്തിയത്. ബിജെപിക്കാരെ എങ്ങനെയും രക്ഷിക്കണമെന്നായിരുന്നോ കൂറുമാറിയവരുടെ നിലപാടെന്ന് പ്രകാശ് ബാബു ചോദിച്ചിരുന്നു.
'ബിജെപിയെ സഹായിച്ചുവെന്നത് തെറ്റായ ആരോപണം':സിപിഎം നിലപാട് അപലപനീയവും പരിഹാസ്യവുമാണെന്നും സിപിഎം സംസ്ഥാന നേതൃത്വം വിഷയം ഗൗരവത്തിലെടുക്കമെന്നും പ്രകാശ് ബാബു ആവശ്യപ്പെട്ടിരുന്നു. സിപിഐ ദേശീയ എക്‌സിക്യുട്ടീവ് അംഗമായ കെ പ്രകാശ് ബാബു ഫേസ്‌ബുക്കിലാണ് ഇക്കാര്യം കുറിച്ചത്. അതേസമയം ഇ ചന്ദ്രശേഖരന്‍ എംഎല്‍എയെ ആക്രമിച്ച കേസില്‍ സിപിഎം നേതാക്കള്‍ കൂറുമാറിയ വിഷയം പാര്‍ട്ടി പരിശോധിക്കുമെന്ന് സിപിഎം കാസര്‍കോട് ജില്ല സെക്രട്ടറി എംവി ബാലകൃഷ്‌ണന്‍ പറഞ്ഞു. ബിജെപിയെ സഹായിച്ചുവെന്നത് തെറ്റായ ആരോപണമാണെന്നും ഇതൊന്നും ജനങ്ങള്‍ വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.