തിരുവനന്തപുരം :ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കാന്‍ ഗവര്‍ണര്‍ നിര്‍ബന്ധിക്കരുതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇപ്പോള്‍ അത്തരമൊരു തീരുമാനമില്ല. ചാന്‍സലര്‍ എന്നത് ഭരണഘടനാ പദവിയല്ലെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭ പാസാക്കിയ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് ഗവര്‍ണറെ ചാന്‍സലറാക്കുന്നത്. അതുമാറ്റാനും സഭയ്ക്ക് അധികാരമുണ്ട്. ഗവര്‍ണര്‍ എന്ന പദവി പോലും ആര്‍ഭാടമാണെന്നാണ് സി.പി.ഐയുടെ അഭിപ്രായം. മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ചാണ് വി.സിമാരുടെ നിയമനം നടന്നത്.
ALSO READ:Kerala Doctors strike: സമരം ചെയ്യുന്ന ഹൗസ് സർജന്‍മാരെ ചർച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി
ഗവര്‍ണര്‍ തന്നെയാണ് ഇവരെ നിയമിച്ചതും. എന്നിട്ടാണ് വിമര്‍ശനം ഉന്നയിക്കുന്നത്. ഇത്തരം അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നത് മാധ്യമ ശ്രദ്ധ നേടാനാണ്. രഹസ്യമായിരിക്കേണ്ട കത്തുകള്‍ പരസ്യമാക്കുകയാണ് ഗവര്‍ണര്‍. ഇത് ആശയ വിനിമയങ്ങളിലെ മാന്യതയുടെ ലംഘനമാണ്.
നേരത്തെയും സര്‍ക്കാരുമായി ഗവര്‍ണര്‍ ഏറ്റുമുട്ടിയിട്ടുണ്ട്. അപ്പോഴെല്ലാം എന്താണ് സംഭവിച്ചതെന്ന് ഗവര്‍ണര്‍ ഓര്‍ക്കണം. ബാഹ്യ സമ്മര്‍ദത്തിന് വഴങ്ങിയാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്നും കാനം ആരോപിച്ചു.