തിരുവനന്തപുരം: വെള്ളയമ്പലം - കവടിയാർ രാജപാതയുടെ പ്രൗഢിയൊന്നും ഈ പ്രദേശങ്ങളിലെ ഇടറോഡുകൾക്കില്ല. വലിയ കുഴികൾ രൂപപ്പെട്ട് കാൽനടയാത്ര പോലും ദുസഹമായ വെള്ളയമ്പലം കനകനഗർ റോഡ് തന്നെയാണ് ഇതിന് ഉദാഹരണം. ഒരു വർഷത്തിലധികമായി വെള്ളയമ്പലം കനകനഗർ റോഡിലെ ദുരിതയാത്രയ്ക്ക് ശാപമോക്ഷമില്ല.
വെള്ളയമ്പലം കനകനഗർ റോഡിലെ ദുരിതയാത്ര വെള്ളയമ്പലം പെട്രോൾ പമ്പിന് സമീപത്തുനിന്നും കനകനഗർ റോഡിലേക്ക് പ്രവേശിക്കുമ്പോൾ വാട്ടർ അതോറിറ്റിയുടെ ഗസ്റ്റ് ഹൗസ് സ്ഥിതി ചെയ്യുന്ന ഭാഗത്താണ് ഭീമൻ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി റോഡ് പുനരുദ്ധാരണവും സംരക്ഷണഭിത്തി സ്ഥാപിക്കുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങളും നടത്തിയിരുന്നു.
പൈപ്പിനടിയിലെ മണ്ണ് നീക്കം ചെയ്യുന്നതിനിടെ പൈപ്പ് പൊട്ടി. ശക്തമായി വെള്ളം ചോർന്ന് മണ്ണ് ഒലിച്ചുപോയി. തുടർന്നാണ് റോഡ് തകർന്നത്.
പൈപ്പുകൾ മാറ്റി സ്ഥാപിച്ച് കുടിവെള്ള പ്രശ്‌നം പരിഹരിച്ചെങ്കിലും റോഡിന്‍റെ ശോചനീയാവസ്ഥ ഇന്നും അതേപടി തുടരുന്നു. മെറ്റലുകൾ ഇളകി വലിയ കുഴികൾ രൂപപ്പെട്ട റോഡിൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണെന്നും നാട്ടുകാർ പറയുന്നു. ഈ പ്രദേശത്ത് മാലിന്യപ്രശ്നവും രൂക്ഷമാണ്.
റോഡിന് ഇരുവശത്തും മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് നിത്യസംഭവമാണെന്നും നാട്ടുകാർ പറയുന്നു. റോഡ് പുനർനിർമ്മാണ എസ്റ്റിമേറ്റ് പ്രാഥമിക തുകയെക്കാൾ ഉയർന്നതാണ് കാലതാമസം നേരിടാൻ കാരണമെന്ന് നന്തൻകോട് വാർഡ് കൗൺസിലർ റീന കെ എസ് പറഞ്ഞു.
നവീകരണ പ്രവർത്തനങ്ങൾക്ക് സ്റ്റാൻഡിങ് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചു. 27 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. ടെൻഡർ ഉടൻ പ്രസിദ്ധീകരിക്കും. പ്രദേശവാസികളുടെ നിരന്തര പരാതിയെ തുടർന്ന് റോഡ് നവീകരണം വേഗത്തിലാക്കാനാണ് നഗരസഭയുടെ നീക്കം.