തിരുവനന്തപുരം : ഞെട്ടിക്കുന്ന ഈ കാഴ്‌ച കേരളത്തിലെ ഏതെങ്കിലും ഗ്രാമീണ റോഡിന്‍റേതല്ല. സെക്രട്ടേറിയറ്റിൽ നിന്ന് വിളിപ്പാടകലെ മണക്കാട് കല്ലാട്ടുമുക്കിൽ നിന്നാണ്. അന്താരാഷ്ട്ര ടൂറിസ്‌റ്റ് കേന്ദ്രമായ കോവളത്തേയ്ക്ക് പോകുന്ന ടൂറിസ്‌റ്റുകളെ വരവേൽക്കുന്നത് വലിയൊരു ഗർത്തമാണ്.
'ഇരുചക്ര വാഹനങ്ങളിൽ വരുന്ന യാത്രക്കാർ വെള്ളക്കെട്ടിൽ വീഴാതെ ഈ റോഡിനപ്പുറം കടക്കില്ല. ഈ റോഡിലൂടെ സവാരി പോകാനാകാത്ത സ്ഥിതിയാണ്. സവാരിയിൽ നിന്ന് കിട്ടുന്ന തുക വാഹനം മെയിന്‍റനൻസ് ചെയ്യാൻ മാത്രമേ തികയുന്നുള്ളൂ'- ഓട്ടോറിക്ഷ തൊഴിലാളിയായ ബിജുവിന്‍റെ പരാതിയാണിത്.
കുണ്ടും കുഴിയുമായി കല്ലാട്ട്മുക്ക് റോഡ് കല്ലാട്ടുമുക്ക് റോഡിന്‍റെ 100 മീറ്ററോളം ഭാഗത്ത് പൂർണമായും ഭീമൻ കുഴികളും വെള്ളക്കെട്ടും രൂപപ്പെട്ടിരിക്കുകയാണ്. വെള്ളം ഒഴുകി പോകാനുള്ള ഓട സജ്ജമാക്കാതെ 25 ലക്ഷം രൂപ മുടക്കി ഇന്‍റർലോക്ക് പാകിയതാണ് നിലവിലെ പ്രശ്‌നത്തിന് കാരണം. റോഡിൽ മുട്ടോളം ഉയരത്തിലാണ് വെള്ളക്കെട്ട്.
വെള്ളം കയറി ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും കേടുപാടുകൾ സംഭവിക്കുന്നത് നിത്യസംഭവമാണ്. ജോലിക്ക് പോകുന്നവരും സ്കൂളിലേയ്ക്ക് മക്കളുമായി പോകുന്നവരും ഉൾപ്പടെ ദിവസേന നിരവധി പേരാണ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന റോഡിലെ വെള്ളക്കെട്ടിൽ വീഴുന്നത്.അതേസമയം ഉടന്‍ തന്നെ ഇരുചക്ര വാഹനങ്ങൾക്കായി യാത്ര സൗകര്യമൊരുക്കുമെന്ന് ട്രാഫിക് അസിസ്‌റ്റന്‍റ് കമ്മിഷണർ ഷാജു വിഎസ് ഇടിവി ഭാരതിനോട് പറഞ്ഞു.
പത്ത് മാസത്തിലേറെയായി റോഡ് തകർന്ന് തരിപ്പണമായിട്ട്. വിശദമായ ഡിസൈൻ തയാറാക്കി അറ്റകുറ്റപ്പണി നടത്തിയാൽ മാത്രമേ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാവുകയുള്ളൂ. അത് ഇനി എന്ന് എന്ന ചോദ്യത്തിന് ആർക്കും ഉത്തരമില്ല. അതുവരെ എല്ലാം സഹിക്കുക തന്നെ.