തിരുവനന്തപുരം: കളമശ്ശേരി യഹോവ സാക്ഷികളുടെ പ്രാര്‍ത്ഥനാ യോഗത്തില്‍ നടന്ന സ്‌ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്താകെ ജാഗ്രത നിര്‍ദേശം (Kalamassery Blast High Alert In Kerala ). ജില്ലകളില്‍ ജാഗ്രത പുലര്‍ത്താന്‍ ജില്ല പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. പല ജില്ലകളിലെയും റെയില്‍വേ സ്റ്റേഷന്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പോലീസ് പരിശോധന നടത്തി (Kalamassery Blast Widespread Inspection).
വിമാനത്താവളങ്ങളിലും സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് യഹോവ സാക്ഷി പ്രാര്‍ത്ഥനാ യോഗങ്ങളില്‍ പോലീസിന്‍റെ സ്‌പെഷ്യല്‍ ബ്രാഞ്ച് എത്തി വിവരങ്ങള്‍ ശേഖരിച്ചു. റെയില്‍വേ സ്റ്റേഷനിലും സുരക്ഷ കര്‍ശനമാക്കി. നാടിനെ നടുക്കിയ സ്‌ഫോടനത്തിന്‍റെ വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ ഇന്‍റലിജന്‍സ് - ക്രമ സമാധാന ചുമതലകളുള്ള എഡിജിപിമാര്‍ ഉടന്‍ തന്നെ കളമശ്ശേരിയിലേക്ക് തിരിച്ചിരുന്നു.
പ്രാഥമിക അന്വേഷണത്തിന്‍റെ വിവരങ്ങള്‍ ലഭിച്ച ശേഷം കളമശ്ശേരിയിലുണ്ടായത് ഐ ഇ ഡി (ഇംപ്രൊവൈസ്‌ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) ഉപയോഗിച്ചുള്ള സ്‌ഫോടനമാണെന്ന് ഡി ജി പി ഷെയ്ഖ് ദര്‍വേശ് സാഹിബും കുറച്ച് മുന്‍പ് പ്രതികരിച്ചിരുന്നു. പ്രത്യേക ഹെലികോപ്‌ടറില്‍ ഡി ജി പി കളമശ്ശേരിയിലേക്ക് തിരിച്ചിട്ടുണ്ട്. സ്‌ഫോടനത്തിന്‍റെ വിശദാംശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രിയെ നേരിട്ട് ഫോണില്‍ വിളിച്ച് അന്വേഷിച്ചു. സമൂഹ മാധ്യമങ്ങളിലും പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
മതസ്‌പര്‍ദ്ധയും വര്‍ഗീയതയും വ്യാജ വാര്‍ത്തയും പ്രചരിപ്പിക്കുന്ന പോസ്റ്റുകള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് പോലീസിന്‍റെ ഔദ്യോഗിക സമൂഹ മാധ്യമ ഹാന്‍ഡിലുകളിലൂടെ നിര്‍ദേശം നല്‍കി. സംഭവത്തില്‍ എന്‍ ഐ എ, എന്‍ എസ് ജി യും അന്വേഷത്തില്‍ നേരിട്ട് പങ്കെടുക്കുന്നുവെന്നാണ് ലഭിക്കുന്ന വിവരം. സംസ്ഥാനത്തിന്‍റെ അതിര്‍ത്തികളിലും പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.