എറണാകുളം:കളമശ്ശേരി സ്‌ഫോടന കേസ് പ്രതി ഡൊമിനിക്ക് മാര്‍ട്ടിന്‍റെ അത്താണിയിലെ അപ്പാര്‍ട്ട്‌മെന്‍റില്‍ നടത്തിയ തെളിവെടുപ്പില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെത്തി പൊലീസ്. അപ്പാര്‍ട്ട്‌മെന്‍റില്‍ വച്ചാണ് ഇയാള്‍ സ്‌ഫോടക വസ്‌തു നിര്‍മിച്ചതെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. ഐഇഡി നിർമിക്കാൻ ഉപയോഗിച്ച ബാറ്ററി, വയർ എന്നിവയും പെട്രോള്‍ എത്തിച്ച കുപ്പിയും സ്ഥലത്ത് നിന്നും കണ്ടെത്തി. അപ്പാര്‍ട്ട്‌മെന്‍റിന്‍റെ മുകളിലത്തെ നിലയിലെ മുറിയില്‍ നിന്നാണ് ഇവ കണ്ടെത്തിയത് (Kalamassery Blast Case).
വാടകയ്‌ക്ക് നല്‍കിയിരുന്ന അപ്പാര്‍ട്ട്‌മെന്‍റിലെ ഒരു മുറി ഡൊമിനിക്ക് തന്നെയാണ് ഉപയോഗിച്ചിരുന്നത്. അപ്പാര്‍ട്ട്‌മെന്‍റില്‍ ആളില്ലാത്ത ശനി, ഞായര്‍ ദിവസങ്ങളില്‍ ഇവിടെയെത്തുന്ന ഇയാള്‍ ടെറസില്‍ വച്ചാണ് സ്‌ഫോടന വസ്‌തു നിര്‍മിച്ചതെന്നാണ് വിലയിരുത്തല്‍. ഇതിനായി തൃപ്പൂണിത്തുറയിലെ പടക്ക കടകളിൽ നിന്നും പടക്കവും എറണാകുളത്തെ പമ്പിൽ നിന്ന് പെട്രോളും ഇവിടെ എത്തിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി (Key Evidence Found From Martin's Apartment).
കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പ് കേസില്‍ പരമാവധി തെളിവുകള്‍ ശേഖരിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. സ്‌ഫോടനമുണ്ടായ കളമശ്ശേരിയിലെ കണ്‍വെന്‍ഷന്‍ സെന്‍റര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തും. കോടതിയില്‍ ഹാജരാക്കുന്ന പ്രതിയെ അന്വേഷണ സംഘം കസ്റ്റഡിയില്‍ ആവശ്യപ്പെടും. പ്രതിയെ കസ്റ്റഡിയില്‍ ലഭിച്ച ശേഷമായിരിക്കും കണ്‍വെന്‍ഷന്‍ സെന്‍ററിലെ തെളിവെടുപ്പ് (Kochi Kalamassery Blast Case).
ഇക്കഴിഞ്ഞ വെള്ളിയാഴ്‌ചയും (ഒക്‌ടോബര്‍ 27) ഡൊമിനിക്ക് അപ്പാര്‍ട്ട്‌മെന്‍റില്‍ എത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. പുലര്‍ച്ചെ അഞ്ചു മണിയോടെ തമ്മനത്തെ വാടക വീട്ടില്‍ നിന്നിറങ്ങിയ പ്രതി കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്‍ററില്‍ എത്തുന്നതിന് മുമ്പ് അത്താണിയിലെ അപ്പാര്‍ട്ട്‌മെന്‍റില്‍ എത്തിയിരുന്നുവെന്ന പൊലീസ് സംശയം ശരിവയ്‌ക്കുന്നതാണ് സ്ഥലത്ത് നിന്നും ലഭിച്ച നിര്‍ണായക തെളിവുകളും പ്രതിയുടെ മൊഴികളും. തമ്മനത്തെ വീട്ടില്‍ നിന്നും പുറപ്പെടുമ്പോള്‍ ഇയാളുടെ കൈയില്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് ഡൊമിനിക്കിന്‍റെ ഭാര്യയുടെ മൊഴി. ഇതോടെയാണ് അപ്പാര്‍ട്ട്‌മെന്‍റ് കളമശ്ശേരി സ്‌ഫോടനത്തിന്‍റെ ആസൂത്രണ കേന്ദ്രമെന്ന് പൊലീസ് സ്ഥിരീകരിച്ചത്. മൊഴിയുടെ അടിസ്ഥാനത്തിലാണ് ആദ്യ തെളിവെടുപ്പ് അത്താണിയില്‍ നടത്തിയത്.