തിരുവനന്തപുരം: പീഡന ശ്രമം എതിർത്തതിനുള്ള വിരോധത്തിൽ കടയ്ക്കാവൂർ സ്വദേശി ശാരദയെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിന തടവും അഞ്ചു ലക്ഷം രൂപ പിഴയും. കടയ്ക്കാവൂർ കീഴാറ്റിങ്ങൽ അപ്പുപ്പൻനട ക്ഷേത്രത്തിന് സമീപം ചുരുവിള പുത്തൻവീട്ടിൽ മണികണ്‌ഠനാണ് പ്രതി. കഴിഞ്ഞ ദിവസം പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. തിരുവനന്തപുരം ആറാം അഡിഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
2016 ഡിസംബർ 9നാണ് കേസിനാസ്‌പദമായ സംഭവം. കൊല്ലപ്പെട്ട ശാരദ ഭർത്താവിൻ്റെ മരണത്തെ തുടർന്ന് ഒറ്റയ്ക്ക് താമസിച്ച് വരികയായിരുന്നു. സംഭവ ദിവസം രാത്രി ഒൻപത് മണിക്ക് പ്രതി വെള്ളം ആവശ്യപ്പെട്ട് ശാരദയുടെ വീട്ടിൽ പ്രവേശിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു. പീഡന ശ്രമം എതിർത്ത ശാരദ ബഹളം വച്ചപ്പോൾ പ്രതി കൈവശം ഉണ്ടായിരുന്ന കത്തി കൊണ്ട് ശാരദയുടെ നെഞ്ചിൽ കുത്തി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്.