തിരുവനന്തപുരം: ശബരിമലയുടെ പേരില്‍ ബി.ജെ.പി എം.എല്‍.എ ഒ.രാജഗോപാലും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും നിയമസഭയില്‍ കൊമ്പുകോര്‍ത്തു. കഴിഞ്ഞ തീര്‍ഥാടന കാലത്ത് ശബരിമലയില്‍ 100 കോടി രൂപയുടെ കുറവുണ്ടായെന്നും ഇത് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അമിത നിയന്ത്രണം കൊണ്ടാണെന്നും രാജഗോപാല്‍ ആരോപിച്ചു. പ്രശ്‌നങ്ങൾ സൃഷ്‌ടിക്കാൻ ശ്രമിക്കുന്നത് നിരീശ്വര വാദികളും മാവോയിസ്റ്റുകളും ഇടത് തീവ്രവാദനിലപാടുകാരുമാണെന്ന് ശബരിമല തീര്‍ഥാടന ഒരുക്കങ്ങള്‍ സംബന്ധിച്ച് സഭയുടെ ശ്രദ്ധ ക്ഷണിച്ച് രാജഗോപാല്‍ ആരോപിച്ചു.
അയോധ്യ വിധി സ്വീകരിച്ച രാജഗോപാല്‍ ശബരിമല വിധിയും സ്വീകരിക്കാന്‍ തയ്യാറാകണം :കടകംപള്ളി സുരേന്ദ്രന്‍ - kadakampally surendran
കഴിഞ്ഞ തീര്‍ഥാടന കാലത്ത് ശബരിമലയില്‍ 100 കോടി രൂപയുടെ കുറവുണ്ടായെന്ന രാജഗോപാലിന്‍റെ ആരോപണത്തിന് മറുപടി നൽകുകയായിരുന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ
അയോധ്യാ വിധി രണ്ടു കൈയ്യും നീട്ടി സ്വീകരിച്ച രാജഗോപാല്‍ ശബരിമല സംബന്ധിച്ച സുപ്രീംകോടതി വിധിയെയും രണ്ടു കൈയ്യും നീട്ടി സ്വീകരിക്കാന്‍ തയ്യാറാകണമെന്ന് കടകംപള്ളി തിരിച്ചടിച്ചു. ഇക്കാര്യം ശബരിമലയില്‍ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്ന ആര്‍.എസ്.എസു കാരായ സഹപ്രവര്‍ത്തകരെ ഉപദേശിക്കണമെന്നും ഇതിനുള്ള സദ്ബുദ്ധി അയ്യപ്പന്‍ രാജഗോപാലിന് നല്‍കട്ടെയെന്നും കടകംപള്ളി പരിഹസിച്ചു. ശബരിമലയില്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്നും അവസാനവട്ട തയ്യാറെടുപ്പുകള്‍ നവംബര്‍ ഒമ്പതിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ചര്‍ച്ച ചെയ്‌തുവെന്നും കടകംപള്ളി സഭയില്‍ പറഞ്ഞു.