തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്ലാറ്റിനം ജൂബിലി ആഘോഷം ആഗസ്റ്റ് 26 മുതൽ 28 വരെ നടക്കുമെന്ന് കടകംപള്ളി സുരേന്ദ്രൻ എംഎല്‍എ. ആഘോഷങ്ങളുടെ ഭാഗമായി ആഗോള ആരോഗ്യ വിദഗ്‌ധരെ ഉൾപ്പെടുത്തി ത്രിദിന മെഡിക്കൽ കൺവെൻഷൻ സംഘടിപ്പിക്കുമെന്നും കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസിന്റെ നേതൃത്വത്തിൽ സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്, തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ, ഗവ. ഡെന്റൽ കോളേജ്, ഗവ.നഴ്‌സിംഗ് കോളേജ്, ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, ഐഎംഎ തിരുവനന്തപുരം ചാപ്റ്റർ, മെഡിക്കൽ കോളേജ് സ്റ്റുഡന്റസ് യൂണിയൻ എന്നിവർ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ആഗസ്റ്റ് 26ന് വൈകിട്ട് അഞ്ച് മണിക്ക് മെഡിക്കൽ കോളേജ് ഡയമണ്ട് ജൂബിലി അലൂമിനി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രിമാരായ വീണ ജോർജ്, വി ശിവൻകുട്ടി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. ലോകപ്രശസ്‌ത ആരോഗ്യവിദഗ്ധരും ചടങ്ങിന്‍റെ ഭാഗമാകും. ആരോഗ്യപരിരക്ഷയിലെ കേരള മാതൃക കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ച മെഡിക്കൽ കോളേജിലെ മുൻഗാമികളെ ചടങ്ങിൽ ആദരിക്കും.