തിരുവനന്തപുരം : അന്താരാഷ്‌ട്ര മാർക്കറ്റിൽ കേരളത്തിലെ മൂല്യ വർദ്ധിത ഉത്‌പന്നങ്ങളുടെ ഡിമാൻഡ് ഉപയോഗപ്പെടുത്തുന്നതിനും കാർഷിക വിപണന സംവിധാനം ഒരുക്കുന്നതിനും കേരള അഗ്രോ ബിസിനസ് കമ്പനി (KABCO) രൂപീകരിക്കാൻ സർക്കാർ തീരുമാനം. കാബ്‌കോയുടെ വരവോടെ മൂല്യ വർധിത വിപണനത്തിന്‍റെ ഏകോപനം, അഗ്രി പാർക്ക്, ഫ്രൂട്ട് പാർക്ക് എന്നിവയുടെ ഏകോപനം, നിർമ്മാണം എന്നിവ കമ്പനിയുടെ കീഴിൽ വരുമെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന കാബ്‌കോ സർക്കാർ, കർഷകർ, കർഷക സംഘങ്ങൾ എന്നിവരുടെ ഓഹരി വിഹിതത്തിലൂടെ പബ്ലിക് പ്രൈവറ്റ് പാർട്‌ണർഷിപ്പ് (PPP) രീതിയിലായിരിക്കും പ്രവർത്തിക്കുക.
നിക്ഷേപവും മാതൃകയും :സംസ്ഥാന സർക്കാരിന്‍റെ 33 ശതമാനം ഓഹരി വിഹിതവും കച്ചവടക്കാരുടെ 24 ശതമാനം ഓഹരി വിഹിതവും കർഷക കൂട്ടായ്‌മകളുടെ 25 ശതമാനം ഓഹരി വിഹിതവും പൊതു ഓഹരി വിപണിയിൽ നിന്ന് 13 ശതമാനത്തിൽ അധികരിക്കാത്ത ഓഹരി വിഹിതവും ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് അഞ്ച് ശതമാനം ഓഹരിവിഹിതവും നിജപ്പെടുത്തി സിയാൽ മാതൃകയിലാണ് പ്രവർത്തിക്കുക. ബിസിനസിനായുള്ള പ്രധാന നിക്ഷേപം ഓഹരി ഉടമകളിൽ നിന്നുമായിരിക്കും. കൂടുതൽ മൂലധനം ആവശ്യമായി വരുമ്പോൾ അത് മറ്റ് ഓഹരി ഉടമകളിൽ നിന്നും സമാഹരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
10 കോടി രൂപയുടെ മൂലധനത്തിൽ സർക്കാരിന്‍റെ പങ്കാളിത്തം 3.3 കോടി രൂപയായി പരിമിതപ്പെടുത്തും. സർക്കാരിന്‍റെ ഇക്വിറ്റി വിഹിതമായി ആവശ്യമായ ഭൂമി കമ്പനിക്ക് കൈമാറാനാണ് കൃഷി വകുപ്പ് ആലോചിക്കുന്നത്. കൃഷിവകുപ്പ് മന്ത്രി ചെയർമാൻ, കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, കൃഷിവകുപ്പ് ഡയറക്‌ടർ, ധനകാര്യ വകുപ്പിന്‍റെ പ്രതിനിധി, കൈക്കോ മാനേജിംഗ് ഡയറക്‌ടർ എന്നിവരെ ഡയറക്‌ടർ ബോർഡിൽ ഉൾപ്പെടുത്തിയായിരിക്കും ആദ്യഘട്ടത്തിൽ കമ്പനിയുടെ പ്രവർത്തനം.