തിരുവനന്തപുരം: കേരള സർവകലാശാലയുടെ പാളയം സെനറ്റ് ക്യാമ്പസിൽ കണ്ടെത്തിയ അപൂർവ ഇനം നാട്ടുമാവിലെ മാങ്ങയ്ക്ക് ഇനി പേര് 'കെയു മാമ്പഴം' എന്ന്. കേരള യൂണിവേഴ്സിറ്റി മാമ്പഴമെന്നാണ് മുഴുവൻ പേര്. സെനറ്റ് ചേംബറിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ വൈസ് ചാൻസലർ വിപി മഹാദേവൻ പിള്ളയാണ് പേരിട്ടത്.
ഒരു മാമ്പഴത്തിന് ഒരു കിലോ തൂക്കമുണ്ടാവുമെന്നതാണ് പ്രധാന പ്രത്യേകത. രുചിയും വിശേഷം. വൈസ് ചാൻസലറുടെ ഡ്രൈവറായ ഡിക്സനാണ് ഭീമൻ മാമ്പഴത്തിന്‍റെ രുചിയും ഗുണവുമൊക്കെ സർവകലാശാല അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. മറ്റെങ്ങും കണ്ടിട്ടില്ലാത്ത മാവ് അതോടെ ശ്രദ്ധാകേന്ദ്രമായി. സെന്‍റര്‍ ഫോർ ബയോഡൈവേഴ്‌സിറ്റി കൺസർവേഷന്‍റെ ഡയറക്ടറായ ഡോ. എ ഗംഗാപ്രസാദും ഗവേഷകനായ മനോജും ചേർന്ന് മാവിനെ ഏറ്റെടുത്തു.