തിരുവനന്തപുരം: കെ.ടി ജലീലിന്‍റെ ഗൂഢാലോചന പരാതി എഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. ക്രൈംബ്രാഞ്ച് എഡിജിപി ഷേക്ക് ദര്‍ബേഷ് സാഹിബിന്‍റെ മേല്‍നോട്ടത്തിലുള്ള സംഘമാണ് പരാതി അന്വേഷിക്കുക. പന്ത്രണ്ടംഗ പ്രത്യേക സംഘത്തെ ഇതിനായി നിയോഗിച്ചു.
ക്രൈംബ്രാഞ്ച് എസ്.പി മധുസൂദനനാണ് അന്വേഷണ തലവന്‍. 10 ഡിവൈഎസ്‌പിമാരും ഒരു ഇന്‍സ്‌പെക്‌ടറും ഉള്‍പ്പെടുന്ന വിപുലമായ സംഘത്തെയാണ് കേസന്വേഷിക്കാന്‍ ഡിജിപി ചുമതലപ്പെടുത്തിയിരിക്കുന്നത്. കന്‍റോണ്‍മെന്‍റ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. ഈ കേസ് പ്രത്യേക സംഘത്തിന് കൈമാറും.
മുഖ്യമന്ത്രിക്കും കുടുംബാഗങ്ങള്‍ക്കും ജലീലിനുമെതിരെ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷ് നടത്തിയ ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കാണിച്ചാണ് കെ.ടി ജലീല്‍ പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ സ്വപ്‌ന സുരേഷിനെ ഒന്നാം പ്രതിയും പി.സി ജോര്‍ജിനെ രണ്ടാം പ്രതിയുമാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്‌തത്. ഇരുവരും ഒരു മാസം മുമ്പ് ഗൂഢാലോചന നടത്തിയാണ് രഹസ്യമൊഴി രേഖപ്പെടുത്തിയതെന്നും തുടര്‍ന്ന് മുഖ്യമന്ത്രിക്കും സര്‍ക്കാറിനുമെതിരെ ആരോപണമുന്നയിച്ച് കലാപത്തിന് ആഹ്വാനം ചെയ്‌തെന്നുമാണ് എഫ്‌ഐആര്‍.
പ്രത്യേക സംഘത്തോട് ഇക്കാര്യം വിശദമായി പരിശോധിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആവശ്യമെങ്കില്‍ പ്രത്യേക സംഘത്തെ വിപുലീകരിക്കാമെന്നും ഡിജിപി പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രത്യേകസംഘം വരും ദിവസങ്ങളില്‍ സ്വപ്‌ന സുരേഷ് പി.സി ജോര്‍ജ് എന്നിവരെ ചോദ്യം ചെയ്യും.
Also Read: സ്വപ്‌നക്കെതിരെ നടപടി കടുപ്പിച്ച് പൊലീസ് ; 'ഗൂഢാലോചന'യില്‍ അന്വേഷണം