തിരുവനന്തപുരം:കെ-സ്വിഫ്റ്റ് വഴി സംസ്ഥാനത്ത് ഇതുവരെ സൃഷ്ടിച്ചത് 35000 ലേറെ തൊഴിലവസരങ്ങളെന്ന് റിപ്പോർട്ട്. 2073.68 കോടി രൂപയുടെ നിക്ഷേപം നടന്നതായാണ് വ്യവസായ വകുപ്പിൻ്റെ കണക്ക്. ഒന്നും രണ്ടും പതിപ്പുകൾ പ്രയോജനകരമാണെന്ന വിലയിരുത്തലിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തി കെ-സ്വിഫ്റ്റ് വിപുലീകരിക്കാനാണ് സർക്കാർ തീരുമാനമെന്ന് വ്യവസായ വികസന കോർപ്പറേഷൻ ഡയറക്‌ടർ എംജി രാജമാണിക്യം ഇടിവി ഭാരതിനോട് പറഞ്ഞു.
കൊവിഡ് കാലത്തെ തൊഴിൽ-വരുമാന നഷ്‌ടങ്ങളിൽ നിന്ന് കരകയറാൻ ഈ സേവനം പ്രയോജനപ്പെടുത്താനാണ് സംരംഭകരോട് വ്യവസായ വകുപ്പ് നിർദേശിക്കുന്നത്.
പത്തു മിനിട്ടിൽ സംരംഭം തുടങ്ങാം
സംസ്ഥാനത്ത് വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള അനുമതിക്കായി സംരംഭകർ ഓഫിസുകൾ കയറിയിറങ്ങി നടക്കേണ്ടി വരാറുണ്ട്. ഇത്തരം അവസ്ഥ സംരംഭകരെ പിന്തിരിപ്പിക്കുന്നുവെന്ന പരാതിയുമുണ്ട്. ഇതിന് പരിഹാരമായാണ് സർക്കാർ കെ-സ്വിഫ്റ്റ് (സിംഗിൾ വിൻഡോ ഇൻ്റർഫേസ് ഫോർ ഫാസ്റ്റ് ആൻഡ് ട്രാൻസ്പേരൻ്റ് ക്ലിയറൻസ്) അവതരിപ്പിച്ചത്.
Also Read: "വിദ്യാമൃതം".. അവർ പഠിക്കട്ടെ, കുഞ്ഞുങ്ങൾക്ക് വേണ്ടി മമ്മൂട്ടി..
സംരംഭങ്ങൾ ഓൺലൈനായി രജിസ്റ്റർ ചെയ്യാനുള്ള എകജാലക സംവിധാനമാണിത്. കെ-സ്വിഫ്റ്റ് വെബ് സൈറ്റിലെ ചോദ്യാവലിക്ക് ഉത്തരം രേഖപ്പെടുത്തി അക്നോളജ്മെൻ്റ് സർട്ടിഫിക്കറ്റ് കൈപ്പറ്റാം. സർട്ടിഫിക്കറ്റ് ലഭിച്ചാൽ അടുത്ത മൂന്നു വർഷം ലൈസൻസോ മറ്റു പരിശോധനകളോ ഇല്ലാതെ തന്നെ സംരംഭം പ്രവർത്തിക്കാവുന്നതാണ്.