തിരുവനന്തപുരം : ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല ഹിന്ദുവെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. എഎൻ ഷംസീറിന്‍റേത് പരമത ഹിംസയാണ്. ഹിന്ദു മതത്തെ അവഹേളിക്കുന്ന പ്രസ്‌താവന പിൻവലിച്ച് മാപ്പ് പറയണം. ശബരിമല ആചാര വിഷയത്തിൽ നേരിട്ട പോലുള്ള പ്രതിസന്ധി സിപിഎമ്മും ഷംസീറും ഈ വിഷയത്തിൽ നേരിടും. ബോധപൂർവമായ ധ്രുവീകരണത്തിനാണ് സിപിഎം തയ്യാറാകുന്നതെന്നും സുരേന്ദ്രൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
മത തീവ്രവാദികൾക്ക് പ്രോത്സാഹനം നൽകുന്നതാണ് ഈ പ്രസ്‌താവന. ഷംസീർ മുസ്‌ലിം സമുദായത്തിലെ ആചാരങ്ങളെ മഹത്വവത്കരിക്കുകയും ഹിന്ദു മത ആചാരങ്ങളെ അപകീർത്തിപ്പെടുത്തുകയും ചെയ്യുകയാണ്. ഗണേശ ഭഗവാനെ പരസ്യമായി അവഹേളിക്കാനുള്ള ധൈര്യം സിപിഎമ്മിന് എങ്ങനെ കിട്ടുന്നു ? തുടർച്ചയായി ഹിന്ദുക്കളെ അപമാനിക്കാൻ ശ്രമിക്കുകയാണ്. പിഎഫ്‌ഐ കെട്ടിടങ്ങൾ അടച്ചുപൂട്ടാൻ കേരള പൊലീസ് തയ്യാറായില്ല. എന്നാൽ ഗ്രീൻവാലി അടച്ചുപൂട്ടാൻ എൻഐഎ വരേണ്ടി വന്നു.
ഭരണഘടന മുറുകെ പിടിക്കേണ്ട ആളാണ് നിയമസഭ സ്‌പീക്കർ. ദൈവങ്ങൾ മിത്താണോ സത്യമാണോ എന്ന് പറയാൻ ഷംസീറിന് എന്ത് അവകാശമാണുള്ളത്. അല്ലാഹു ഒരു മിത്താണ് എന്ന് പറയാനുള്ള ധൈര്യം ഷംസീറിനുണ്ടോ. പറഞ്ഞാൽ കൈ മാത്രമല്ല പലതും വെട്ടും. ഗണപതിയെ നിന്ദിക്കുകയും സ്വന്തം മതത്തെ പ്രകീർത്തിക്കുകയും ചെയ്യുന്നു.
എല്ലാവരും ഹിന്ദുക്കളുടെ മേൽ കുതിര കയറുകയാണ്. കോൺഗ്രസിന്‍റെ മൗനം അത്ഭുതപ്പെടുത്തുന്നു. സതീശനും സുധാകരനും ലീഗിനെ പേടിച്ചിട്ടാണോ മിണ്ടാതിരിക്കുന്നത് ?. കോൺഗ്രസ് എന്തുകൊണ്ട് മൗനം പാലിക്കുന്നു. ഇത് ഭയപ്പെടുത്തുന്നതാണ്. ആർക്കും കയറി കോട്ടാവുന്ന ചെണ്ടയല്ല ഹിന്ദു സമൂഹം. ഗണേഷ് കുമാർ ഇക്കാര്യത്തിൽ പ്രതിഷേധിക്കുന്നില്ല. നിയമസഭയ്ക്ക് അകത്ത് ആളില്ലെങ്കിലും പുറത്ത് ശക്തമായ സമരം സംഘടിപ്പിക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.