എറണാകുളം: മന്ത്രി മുഹമ്മദ് റിയാസിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ. മന്ത്രി റിയാസ് പോപ്പുലർ ഫ്രണ്ട് ഉൾപ്പടെയുള്ള മത തീവ്രവാദ സംഘടനകളുമായി ചങ്ങാത്തം പുലർത്തുന്ന ആളാണെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം അദ്ദേഹത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും, മന്ത്രിയുമൊക്കെയാക്കിയത്
മുസ്ലിം തീവ്രവാദ ശക്തികളുടെ വോട്ട് നേടുന്നതിന് വേണ്ടിയാണന്നും കെ സുരേന്ദ്രൻ ആരോപിച്ചു. 'മുഹമ്മദ് റിയാസ് മത ധ്രുവീകരണത്തിന് വേണ്ടി ശ്രമിക്കുന്നതിനെ കുറിച്ച് തങ്ങൾക്ക് വ്യക്തമായി അറിയാം. ലീഗ് അത് മനസിലാക്കിയാൽ മതി. ബിജെപി മുസ്ലിം വിഭാഗത്തിലും സമ്പർക്കം പുലർത്തി അവരുടെ വിശ്വാസം ആർജിക്കാനുളള നടപടികളുമായി മുന്നോട്ട് പോകും.
റിയാസും സിപിഎമ്മും ഈ അവസരം മുതലെടുത്ത് അവരിൽ ആശങ്കയുണ്ടാക്കി ഒരു ധ്രുവീകരണത്തിന് വേണ്ടി ശ്രമിക്കുകയാണ്. ഇത് എല്ലാവർക്കും മനസിലാകും. മുസ്ലിംങ്ങളുടെ പിന്തുണയോടെ ഇനിയും ഭരണത്തിൽ വരാനുള്ള തന്ത്രമാണ് മുഖ്യമന്ത്രി ഉൾപ്പടെ പയറ്റുന്നത്. സിപിഐ കൂടുതൽ മുസ്ലിം വൽക്കരിക്കപെട്ടിരിക്കുകയാണ്. പുതുതായി സിപിഎമ്മിൽ ചേരുന്നവർ പിഎഫ്ഐ ഉൾപ്പടെയുള്ള ത്രീവ വാദ സംഘടനകളിൽ പ്രവർത്തിച്ചവരാണ്,' കെ സുരേന്ദ്രൻ വിമർശിച്ചു.
എല്ലാ വിഭാഗമാളുകളും ബിജെപിക്ക് അനുകൂല നിലപാട് എടുക്കുന്നതിൽ ആകെ അസ്വസ്ഥരായിരിക്കുകയാണ് എന്നും രണ്ട് മുന്നണികളും മുഖമന്ത്രിയും പ്രതിപക്ഷ നേതാവും ഞങ്ങളുടെ ഗൃഹ സന്ദർശനത്തിൽ ഇങ്ങനെ വിളറി പിടിക്കേണ്ട ആവശ്യമുണ്ടോയെന്നും കെ സുരേന്ദ്രൻ ചോദിച്ചു. 'ജനങ്ങളുമായി സമ്പർക്കം പുലർത്തുന്നതിൽ എന്തിനാണിത്ര വേവലാതി. രണ്ട് മുന്നണികളും കരുതുന്നത് മത ന്യൂനപക്ഷങ്ങളുടെ അട്ടിപേറവകാശം അവർക്കാണെന്നാണ്. ഇത്രയും കാലം അവരെ രണ്ട് മുന്നണികളും വോട്ട് ബാങ്ക് ആയി മാത്രമാണ് കണ്ടത്. ഞങ്ങൾ വിശേഷ ദിവസത്തിൽ അവരെ കാണാൻ പോയപ്പോൾ എല്ലാ രാഷ്ട്രീയ പാർടികളും ഈ നിലപാട് സ്വീകരിക്കണമെന്നാണ് അവർ പറയുന്നത്,' സുരേന്ദ്രൻ പറഞ്ഞു.