തിരുവനന്തപുരം: വർഗീയ വികാരം ഉയർത്തി മുഖ്യമന്ത്രി നേട്ടം കൊയ്യാൻ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പച്ചയായ വർഗീയത പറഞ്ഞ് ആരോപണങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുകയാണ്. ഒരു വിഭാഗത്തിന്‍റെ വിശ്വാസം വ്രണപ്പെട്ടത് മാത്രമാണ് മുഖ്യമന്ത്രി പറയുന്നത്. ശബരിമലയിൽ വിശ്വാസികളുടെ വികാരത്തിന് മുറിവേറ്റപ്പോൾ മുഖ്യമന്ത്രി മൗനം പാലിച്ചു. സിപിഎമ്മിലെ ഹിന്ദുക്കൾ ഉൾപ്പെടെയുള്ളവർ മറ്റു സമുദായങ്ങൾക്ക് അടിമകളായി അവിടെ തുടരണമോയെന്ന് ചിന്തിക്കണം. ഖുർആൻ മുന്നിൽ വച്ച് ജലീലിനെ രക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. മുഖ്യമന്ത്രി കുഴിച്ച കുഴിയിൽ യുഡിഎഫ് വീണു. ഇതോടെ യുഡിഎഫ് ജലീലിനെതിരായ സമരത്തിൽ നിന്ന് പിന്നോട്ട് പോയതായും കെ സുരേന്ദ്രൻ പറഞ്ഞു.
വർഗീയ വികാരം ഉയർത്തി മുഖ്യമന്ത്രി നേട്ടം കൊയ്യാൻ ശ്രമിക്കുകയാണെന്ന് കെ സുരേന്ദ്രൻ
ഖുർആൻ മുന്നിൽ വച്ച് ജലീലിനെ രക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും കെ സുരേന്ദ്രൻ.
ലൈഫ് മിഷനെ പറ്റി ചോദിച്ചാൽ മുഖ്യമന്ത്രിക്ക് ഹാലിളികളുകയാണ്. എംഒയു രേഖകൾ പുറത്തു വിടാത്തത് അത് ഒളിച്ചുവയ്ക്കാൻ മുഖ്യമന്ത്രിക്ക് കാര്യങ്ങൾ ഉള്ളതുകൊണ്ടാണ്. കരാർ വിവരങ്ങൾ കത്തിച്ചുകളഞ്ഞോ ഇല്ലയോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. കിഫ്‌ബിയിലെ അഴിമതി മറയ്ക്കാൻ കോടികളുടെ പരസ്യം നൽകുകയാണ്. തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് നീട്ടിവെക്കാൻ കാരണം ഉദ്ഘാടന മഹാമഹം നടത്താനാണ്. ബിജെപി ഇത്തരം ഉദ്ഘാടനങ്ങളെ ബഹിഷ്കരിക്കും. സർക്കാറിനെതിരായ സമരം ശക്തമായി തന്നെ മുന്നോട്ട് കൊണ്ട് പോകും. സ്വർണക്കടത്ത് കേസിൽ എൻഐഎ അന്വേഷണം ശരിയായ ദിശയിൽ തന്നെയാണ് നടക്കുന്നത്. വമ്പൻ സ്രാവുകൾ കുടുങ്ങുക തന്നെ ചെയ്യുമെന്നും കെ.സുരേന്ദ്രൻ വ്യക്തമാക്കി.