തിരുവനന്തപുരം :കണ്ണൂരിലെ വിവാഹ ചടങ്ങിലുണ്ടായ തർക്കത്തിന് പിന്നാലെ യുവാവ് ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും ഇടത് ഭരണത്തെയും വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിൻ്റെ ക്രമസമാധാന തകർച്ചയുടെ ഒടുവിലത്തെ ഉദാഹരണമാണിതെന്നും മുഖ്യമന്ത്രിയുടെ നാട്ടിൽ നടന്ന സംഭവം ലോകത്ത് കേട്ടുകേൾവിയില്ലാത്തതാണെന്നും സുരേന്ദ്രൻ പറഞ്ഞു.
സിപിഎമ്മിൻ്റെ ക്വട്ടേഷൻ സംഘങ്ങളുടെ ചേരിപ്പോരാണ് കണ്ണൂരിലെ ദാരുണ സംഭവത്തിന് പിന്നിൽ. പിണറായി വിജയൻ്റെ ഭരണത്തിൽ കേരളത്തിൽ ഗുണ്ടകളും ക്വട്ടേഷൻ സംഘങ്ങളും അഴിഞ്ഞാടുകയാണ്. ഗുണ്ടകൾ പരസ്‌പരം കൊലചെയ്യപ്പെടുന്നതിനൊപ്പം പൊതുജനങ്ങളുടെ സമാധാനവും ഇല്ലാതായി കഴിഞ്ഞെന്ന് സുരേന്ദ്രൻ പറഞ്ഞു.
Also Read: കണ്ണൂരില്‍ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ടു ; ആക്രമണം വിവാഹ വീട്ടിലേക്ക് പോകുംവഴി
രാജ്യത്ത് സ്ത്രീകൾക്ക് നേരെ ഏറ്റവും കൂടുതൽ അതിക്രമങ്ങളുണ്ടാവുന്ന സംസ്ഥാനമായി കേരളം മാറി. 2021ൽ സ്ത്രീകൾക്കെതിരായ 16,418 ആക്രമണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം 3549 പോക്സോ കേസുകളും രജിസ്റ്റർ ചെയ്‌തു. കുട്ടികൾക്ക് പോലും രക്ഷയില്ലാത്ത സംസ്ഥാനമായി ഇടത് ഭരണം കേരളത്തെ മാറ്റിയെന്നും സുരേന്ദ്രൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഏച്ചൂർ സ്വദേശി ജിഷ്‌ണുവാണ് തോട്ടടയില്‍ ഞായറാഴ്‌ച ഉച്ചയ്‌ക്ക് രണ്ട് മണിയോടെ നടന്ന ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടത്. ശനിയാഴ്‌ച രാത്രി സമീപത്തെ കല്യാണവീട്ടിലുണ്ടായ തര്‍ക്കത്തിന്‍റെ ബാക്കിയായാണ് ആക്രമണമെന്നാണ് പൊലീസ് നിഗമനം.