സിപിഐ നേതാക്കൾക്കും മന്ത്രിക്കും കള്ളപ്പണവിഹിതം ലഭിച്ചെന്ന് കെ സുരേന്ദ്രൻ തിരുവനന്തപുരം:കണ്ടല സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പിൽ ബാങ്ക് മുൻ പ്രസിഡന്‍റ്‌ഭാസുരാംഗനെതിരെ നടപടിയെടുത്തത് ഇഡി എത്തിയതിന് ശേഷമെന്നും സിപിഐയുടെ നേതാക്കൾക്കും മന്ത്രിസഭയിലെ ഒരു അംഗത്തിനും കള്ളപ്പണത്തിന്‍റെ വിഹിതം ലഭിച്ചുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഐയുടെ സംസ്ഥാന നേതാക്കൾക്കും മന്ത്രിസഭയിലെ ഒരംഗത്തിനും കള്ളപ്പണത്തിന്‍റെ വിഹിതം ലഭിച്ചു. ഇഡി എത്തുന്നതിനും നാളുകൾക്ക് മുൻപ് തന്നെ ഭാസുരാംഗന്‍റെ തട്ടിപ്പ് പുറത്ത് വന്നതാണ്. ഇഡി എത്തിയപ്പോഴാണ് നടപടി സ്വീകരിച്ചത്. തട്ടിപ്പിൽ ഇനിയും പലർക്കും പങ്കുണ്ട്.
ഭാസുരാംഗൻ മാത്രം അറിഞ്ഞു നടത്തിയ തട്ടിപ്പല്ല ഇത്. ഭാസുരാംഗനെതിരെ നടപടിയെടുത്ത് എല്ലാവരുടെയും കണ്ണിൽ പൊടിയിടാം എന്നാണ് ഭരണകക്ഷി വിചാരിക്കുന്നതെങ്കിൽ അത് നടപ്പില്ല. സംസ്ഥാന മന്ത്രിസഭയിലെ ഒരംഗം വലിയ തുക അവിടെ നിന്നും കടത്തി പോയതായി വിവരം ലഭിച്ചിട്ടുണ്ട്. അത് തിരികെ നൽകിയിട്ടില്ല. ഇതിനെതിരെ സമരവും നിയമനടപടികളുമായി ബിജെപി മുന്നോട്ട് പോകും.
വരും ദിവസങ്ങളിൽ അത് തെളിഞ്ഞു വരും എന്നതിൽ സംശയമില്ല. സഹകാരികൾ തന്നെയാണ് ഈ തട്ടിപ്പ് പുറത്ത് കൊണ്ടു വന്നത്. രാഷ്‌ട്രീയപ്രേരിതമെന്ന് പറഞ്ഞു ഇതിൽ നിന്നും ഇനി രക്ഷപ്പെടാൻ കഴിയില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിൽ കെ റെയിലും സിൽവർ ലൈനും ഒരിക്കലും വരാൻ പോകുന്നില്ല: കെ റെയിലും സിൽവർ ലൈനും ഒരിക്കലും സംസ്ഥാനത്ത് വരാൻ പോകുന്നില്ലെന്നും ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ പറഞ്ഞു. അതിന് തടയിടാൻ ആവശ്യമായ എല്ലാം ബിജെപി ചെയ്‌തിട്ടുണ്ട്. വന്ദേഭാരത് ഉള്ളപ്പോൾ സിൽവർ ലൈനിന്‍റെ ആവശ്യകത എന്തെന്ന് ചോദിച്ച കെ സുരേന്ദ്രൻ ആദ്യം പെൻഷൻ കൊടുക്കാനാണ് സർക്കാർ ശ്രമിക്കേണ്ടതെന്നും പറഞ്ഞു.
ധന പ്രതിസന്ധിക്കിടെ ഇത്രയും പണം കടം മേടിച്ച് ഈ പദ്ധതി നടപക്കേണ്ട ആവശ്യമില്ല. ആദ്യം 5 മാസമായി മുടങ്ങി കിടക്കുന്ന പെൻഷൻ കൊടുക്കണം. വായ്‌പ കുടിശ്ശികയായി കേന്ദ്രം എന്താണ് കൊടുക്കാനുള്ളതെന്ന് ധനമന്ത്രി വ്യക്തമാക്കട്ടെ. കേന്ദ്ര ധനകാര്യ മന്ത്രിക്ക് ബാലഗോപാൽ കത്ത് നൽകിയിട്ടുണ്ടെങ്കിൽ അത് പുറത്ത് വിടട്ടെയെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ഒ രാജഗോപാലൻ കേരളീയത്തിൽ:ബിജെപി മുതിർന്ന നേതാവ് ഒ രാജഗോപാലിന്‍റെ പ്രായവും അദ്ദേഹത്തിന്‍റെ ഇത്രയും നാളത്തെ സേവനവും കണക്കിലെടുത്ത് ഈ വിഷയത്തിൽ ഇപ്പോൾ മറുപടി പറയുന്നില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. പാർട്ടിയാണ് ഇതിനെ സംബന്ധിച്ച് വിലയിരുത്തേണ്ടത്, ഒരു വ്യക്തിയല്ല. ചർച്ച ചെയ്‌തതിന് ശേഷം അതേ കുറിച്ച് മറുപടി പറയാം. തിരക്ക് പിടിച്ച് മറുപടി പറയേണ്ട ഒരു വിഷയമല്ല അതെന്നും കെ സുരേന്ദ്രൻ പ്രതികരിച്ചു.
READ ALSO:ഭാസുരാംഗന്‍ സിപിഐയില്‍ നിന്നും പുറത്ത്; തീരുമാനം ജില്ല എക്‌സിക്യുട്ടീവില്‍