തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ ഗൗരവകരമായ ആരോപണമാണ് കഴിഞ്ഞ ദിവസം ഉണ്ടായതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഫാരിസ് അബൂബക്കറും ശോഭ ഡെവലപേഴ്‌സും ചേർന്ന് ആയിര കണക്കിന് ഏക്കർ ഭൂമി തമിഴ്‌നാട്ടിലും കേരളത്തിലും വാങ്ങുകയും പിന്നീട് പരിസ്ഥിതി നിയമങ്ങൾ കാറ്റിൽ പറത്തി ഭൂമി നികത്തി വിൽക്കുകയും ചെയ്‌തുവെന്നാണ് ആരോപണം ഉയർന്നിട്ടുള്ളത്. ഏകദേശം 500 കോടിയോളം രൂപയുടെ ലാഭമുണ്ടാക്കി അത് വിദേശ രാജ്യങ്ങളിൽ അടക്കം നിക്ഷേപിച്ചുവെന്നും ആരോപണമുണ്ട്.
കേരളത്തിൽ 500 ഓളം ഏക്കർ ഭൂമിയാണ് ഇതു പോലെ ഈ കമ്പനികൾ വാങ്ങിയിട്ടുള്ളത്. കടലാസ് കമ്പനികളെ ഉപയോഗിച്ചാണ് ഇടപാടുകൾ നടത്തിയിരിക്കുന്നത്. ഫാരിസ് അബൂബക്കർ ഇതിൽ ഉൾപ്പെട്ടതോടെയാണ് മുഖ്യമന്ത്രിയുടെ നേർക്കുള്ള ആരോപണം ശക്തിപ്പെട്ടത്. ഫാരിസ് അബൂബക്കർ മുഖ്യമന്ത്രിയുമായി അടുത്ത ബന്ധം പുലർത്തുന്ന ആളാണ്.
മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദൻ തന്നെ ഈ ആരോപണം നേരത്തെ ഉന്നയിച്ചിരുന്നു. സിപിഎമ്മിനകത്തും ഫാരിസ് അബൂബക്കറുമായുള്ള ബന്ധം വിവാദ വിഷയമാണ്. വി എസ് അച്യുതാനന്ദൻ ഇതുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളെ കുറിച്ച് പൊതുസമൂഹത്തിന് നല്ല ബോധ്യമുണ്ട്. അങ്ങനെയുള്ള ഒരാൾക്ക് 2018 ലെ നെൽവയൽ നികത്തൽ നിയമം എങ്ങനെ മറികടക്കാനായി എന്നത് സംശയാസ്‌പദമാണ്.
തട്ടിപ്പിൽ മുഖ്യമന്ത്രിയുടെ പങ്ക് എന്ത് : ദാരിദ്ര്യ രേഖയ്‌ക്ക് താഴെയുള്ള ഒരാൾക്ക് അഞ്ച് സെന്‍റ് ഭൂമി തരം മാറ്റാൻ സർക്കാർ ഓഫിസുകൾ കയറി ഇറങ്ങണം. അങ്ങനെയുള്ള ഒരു സംസ്ഥാനത്ത് 2018 ൽ പൊടുന്നനെ നെൽ വയൽ നികത്തൽ നിയമം ഭേദഗതി വരുത്തിയതിൽ ഇതിന് പങ്കുണ്ടോ എന്ന് അന്വേഷണം വേണം. മുഖ്യമന്ത്രി പിണറായി വിജയന്‍റെയും ഭരണപക്ഷത്തുള്ളവരുടെയും സഹായം ഈ തട്ടിപ്പിന് കിട്ടിയിട്ടുണ്ടോ എന്ന സംശയമാണ് ജനങ്ങൾക്കുള്ളത്.