തിരുവനന്തപുരം :മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ (veena vijayan) യുടെ കമ്പനിയ്‌ക്ക് കരിമണല്‍ കമ്പനി 1.72 കോടി രൂപ മാസപ്പടി (Monthly Quota Controversy) നല്‍കിയെന്ന കണ്ടെത്തലില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ (k surendran). സിഎംആര്‍എല്‍ (CMRL) കമ്പനിയെ മുഖ്യമന്ത്രി വഴിവിട്ട് സഹായിക്കാന്‍ കൂട്ട് നിന്നതിന്‍റെ ഭാഗമായാണ് ഇത്രയും തുക മകളുടെ കമ്പനി അക്കൗണ്ടിലേക്ക് എത്തിയത്. വളരെ ആസൂത്രിതമായ ക്രിമിനല്‍ ഗൂഢാലോചന നടന്നിരിക്കുകയാണ്.
കേന്ദ്ര നിയമം മറികടന്ന് കരിമണല്‍ കമ്പനിയെ സഹായിച്ചുവെന്ന് ഉറപ്പാണ്. വീണയ്‌ക്ക് കൊടുത്തതിനേക്കാള്‍ കൂടുതല്‍ പണം മുഖ്യമന്ത്രിക്ക് ഈ കമ്പനി നല്‍കിയിട്ടുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു. പിണറായി വിജയന്‍ (Pinarayi Vijayan) മുഖ്യമന്ത്രി ആകുന്നതിനു മുന്‍പ് തന്നെ കര്‍ത്തയുടെ കയ്യില്‍ നിന്നും പണം വാങ്ങിയിട്ടുണ്ട്. പിണറായി വിജയന് മാത്രം എങ്ങനെയാണ് കമ്പനികള്‍ അങ്ങോട്ട് കൊണ്ടുപോയി പണം കൊടുക്കുന്നത്.
ഇതില്‍ വ്യക്തമായ അന്വേഷണം നടക്കണം. കേരളത്തിലെ അന്വേഷണ ഏജന്‍സികള്‍ ഇതൊന്നും പരിശോധിക്കുന്നില്ല. അതിനാലാണ് ബിജെപി കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെടുന്നത്. കൈതോലപ്പായയില്‍ കടത്തിയതില്‍ കര്‍ത്തയുടെ പണവുമുണ്ടായിരുന്നെന്ന ശക്തിധരന്‍റെ വെളിപ്പെടുത്തല്‍ ഗൗരവമുള്ള വിഷയമാണ്. ചുരുക്കപ്പേരില്‍ പിവി എന്നത് പിണറായി വിജയനാണ്. ഇതില്‍ വിശദമായ അന്വേഷണം തന്നെ നടത്തണമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ദിവ്യന്‍മാര്‍, ഇരുവരും തമ്മില്‍ മ്ലേച്ഛമായ കൂട്ടുകെട്ട് :എന്ത് ആരോപണമുണ്ടായാലും ഒരു അന്വേഷണവും നടക്കാത്ത കേരളത്തിലെ രണ്ട് ദിവ്യന്മാരാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമെന്ന് (V D Satheesan) കെ സുരേന്ദ്രന്‍ പറഞ്ഞു. ഏത് ആരോപണം ഉയര്‍ന്നാലും അന്വേഷിക്കില്ല. മാസപ്പടി വിവാദത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം ആവശ്യപ്പെടുന്നതിനുള്ള ആര്‍ജവം വി ഡി സതീശനുണ്ടോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.