തിരുവനന്തപുരം: ഗവർണറുടെ പരിപാടി അലങ്കോലപ്പെടുത്താൻ ഡിവൈഎഫ്ഐ, എസ്എഫ്ഐ സംഘങ്ങൾ ശ്രമിച്ചാൽ അവിടെയൊക്കെ ഞങ്ങളുമുണ്ടാകുമെന്ന് കെ സുരേന്ദ്രൻ. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ. ഗവർണരുടെ വാഹനത്തിൽ വന്നിടിച്ച കാര്യം ഇപ്പോഴും പൊലീസിന്‍റെ എഫ്ഐആറിൽ പറയുന്നില്ല.
തന്നെ ആക്രമിക്കാൻ ശ്രമിച്ചുവെന്ന ഗവർണറുടെ നേരിട്ടുള്ള പരാതിയിൽ യാതൊരു നടപടിയുമില്ല. കണ്ണൂർ സർവ്വകലാശാലയിൽ നേരത്തെ ഇത് സംഭവിച്ചതാണ്. ഗവർണർ നേരിട്ട് പരാതി പറയേണ്ട ആവശ്യമില്ല.
നേരിട്ട് പരാതി പറഞ്ഞിട്ടും കണ്ണൂർ നടന്ന ആക്രമണത്തിൽ കേസെടുത്തില്ല. ഇപ്പോഴത്തെ ആക്രമണത്തിലും ഒരു സാധാരണ പ്രതിഷേധത്തിന്‍റെ കേസ് മാത്രമാണ് എടുത്തിരിക്കുന്നത്. ക്രമസമാധാനം നിലനിർത്താൻ സംസ്ഥാനത്തിന് കഴിയില്ലെങ്കിൽ കേന്ദ്രം ഇടപെടാതെ വേറെ വഴിയില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ പ്രതിഷേധം കൂടുതല്‍ ശക്തമാക്കുമെന്നാണ് എസ്എഫ്ഐയുടെ നിലപാട്. ഡിസംബര്‍ 11ന് രാത്രിയാണ് തലസ്ഥാനത്ത് മൂന്നിടങ്ങളില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്ക് നേരെ കരിങ്കൊടി കാണിച്ചത്. ആദ്യം പാളയം യൂണിവേഴ്‌സിറ്റിക്ക് സമീപത്ത് വച്ചും പിന്നീട് ജനറല്‍ ആശുപത്രിയിലും പേട്ടയിലും വച്ച് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.
പേട്ടയിലെ കരിങ്കൊടി പ്രതിഷേധത്തിനിടെ ഗവര്‍ണര്‍ വാഹനത്തില്‍ നിന്നും പുറത്തിറങ്ങി എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ നടന്നടുത്തു. ഇതോടെ പ്രവര്‍ത്തകരെ സ്ഥലത്ത് നിന്നും പൊലീസ് നീക്കി. അനധികൃതമായി റോഡ് ഗതാഗതം തടസപ്പെടുത്തി പോലീസുദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്നീ വകുപ്പുകൾ ചുമത്തി 19 എസ്എഫ്ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്‌തു. സര്‍വകലാശാലകളെ ഗവര്‍ണര്‍ കാവി വത്കരിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം ഉന്നയിച്ചുകൊണ്ടായിരുന്നു എസ്‌എഫ്ഐയുടെ പ്രതിഷേധം.