ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിയെ കേന്ദ്ര നേതൃത്വം പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്ഥാനാർഥി പട്ടിക കേന്ദ്ര നേതൃത്വത്തിന് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 53 വര്‍ഷം പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ് ഭരിച്ചിട്ടും കേരളത്തിലെ ഏറ്റവും അവികസിതമായ മണ്ഡലമായി പുതുപ്പള്ളി മാറിയെന്നും കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരെയുള്ള മാസപ്പടി വിവാദത്തിലും കെ സുരേന്ദ്രന്‍ പ്രതികരിച്ചു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിഷയത്തില്‍ മാസപ്പടി വിവാദം യുഡിഎഫ് ചര്‍ച്ചയാക്കില്ല. സ്ഥാനാർഥിയുടെ പിതാവിന്‍റെ പേര് തന്നെ പട്ടികയിലുണ്ട്. മാസപ്പടിക്കാരുടെ സംയുക്ത സമ്മേളനമാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ കാണുന്നത്. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും മിണ്ടാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
വീണ വിജയനെതിരെയുള്ള മാസപ്പടി വിഷയത്തില്‍ അന്വേഷണം നടത്താന്‍ ബിജെപി കേന്ദ്ര അന്വേഷണ ഏജൻസികളെ സമീപിക്കും. കേസ് അന്വേഷിക്കാൻ സംസ്ഥാന ഏജൻസി തയ്യാറാകുന്നില്ലെന്നും ഇതും അന്വേഷിക്കപ്പെടേണ്ടതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. പാർട്ടി ഫണ്ടിലേക്ക് വാങ്ങിയ പണത്തിന് റെസിപ്‌റ്റ് നൽകുമെന്ന് പറയുന്നത് പച്ചകള്ളമാണ്.
മുഖ്യമന്ത്രിയും മകളും കരിമണൽ വ്യവസായിയിൽ നിന്നും മാസപ്പടി വാങ്ങിയ സംഭവത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി ചോദ്യങ്ങളിൽ നിന്നും ഒളിച്ചോടുന്നു. നിയമ വാഴ്‌ച നശിച്ചിരിക്കുന്നു. സംസ്ഥാനത്ത് നിയമ സംവിധാനമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
പല വ്യവസായികളിൽ നിന്നും സമ്മർദം ചെലുത്തി മാസപ്പടി വാങ്ങുന്നത് നേരത്തെയും നടന്നിട്ടുണ്ട്. എല്ലാ മാസവും വീണയ്ക്ക് വ്യക്തിപരമായി മാസപ്പടി വരുന്നു. മുഖ്യമന്ത്രിക്കും കുഞ്ഞാലിക്കുട്ടിക്കും ഇബ്രാഹിം കുഞ്ഞിനും അടക്കം മാസപ്പടി ലഭിച്ചിട്ടുണ്ട്. വ്യവസായം ശരിയായി നടത്തിക്കൊണ്ട് പോകാനാണ് മാസപ്പടി എന്നാണ് കമ്പനി തന്നെ വ്യക്തമാക്കുന്നത്. പൊതു പ്രവർത്തക അഴിമതി നിരോധന നിയമത്തിന്‍റെ പരിധിയിൽ വരുന്ന കാര്യമാണിതെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.
ഭക്ഷ്യ വകുപ്പിന് രണ്ട് ചവിട്ട് കൂടുതല്‍:ബ്രഹ്മപുരം തീപിടിത്തത്തിൽ സമാനമായി ഭരണപക്ഷവും പ്രതിപക്ഷവും ഇടപെട്ടു. ഓണചന്തയിലൂടെ നിത്യോപയോഗ സാധനങ്ങൾ കൊടുക്കാനാകുമെന്ന് യാഥാർഥ്യ ബോധമില്ലാതെ ഭക്ഷ്യ മന്ത്രി പറയുന്നു. 87 ലക്ഷം ആളുകൾക്ക് മുൻപ് കിറ്റ് കൊടുത്തു. ഓണത്തിന്‍റെ കാര്യത്തിൽ നേരത്തെ സർക്കാരിന് തീരുമാനമെടുക്കാമായിരുന്നു.
സിപിഐയുടെ വകുപ്പായത് കൊണ്ട് സർക്കാർ ഭക്ഷ്യ വകുപ്പിന് രണ്ട് ചവിട്ട് കൂടുതൽ കൊടുക്കുകയാണ്. വികസനത്തിന്‍റെ കാര്യത്തിൽ രണ്ട് മുന്നണികളും ചർച്ച ചെയ്യാൻ കഴിയില്ല. സഹകരണ മുന്നണിയായി ഇവർ പ്രഖ്യാപിക്കുന്നു. സംസ്ഥാന സർക്കാരിന്‍റെ അഴിമതിയും പ്രതിപക്ഷ ഭരണപക്ഷ സഹകരണ അഴിമതിയും ബിജെപി പുതുപ്പള്ളിയിൽ ചർച്ചയാക്കും. കൂടാതെ ഗണപതി മിത്താണെന്ന വിവാദവും ചർച്ചയാക്കുമെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.