തിരുവനന്തപുരം:കെ റെയിൽ പ്രതിഷേധത്തിൽ തീവ്രവാദ ഇടപെടൽ ആരോപിച്ച മന്ത്രി സജി ചെറിയാനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ. പ്രളയത്തിൽ തൻ്റെ കാർ ഒലിച്ചുപോയപ്പോൾ വാവിട്ടുകരഞ്ഞ സജി ചെറിയാൻ കിടപ്പാടം നഷ്ടപ്പെടുന്നവരുടെ പ്രതിഷേധങ്ങൾക്ക് തീവ്രവാദിപട്ടം ചാർത്തിക്കൊടുക്കുന്നത് ആഭാസമാണെന്ന് കെ സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
" തൻ്റെ കാർ നഷ്ടപ്പെട്ടപ്പോൾ ഇത്രമാത്രം ഹൃദയവേദന ഉണ്ടായ മനുഷ്യനാണ് ഒരു ജീവിതകാലം മുഴുവൻ അധ്വാനിച്ചുണ്ടാക്കിയ കിടപ്പാടം നഷ്ടപ്പെടുന്നവരുടെ വിഷമങ്ങൾക്കും പ്രതിഷേധങ്ങൾക്കും തീവ്രവാദി പട്ടം ചാർത്തി കൊടുക്കുന്നത്. എന്തൊരു ആഭാസമാണിത്!"- കെ സുധാകരൻ ചോദിക്കുന്നു. സജി ചെറിയാൻ്റെ വിഷം തുളുമ്പുന്ന വാക്കുകൾക്ക് മറുപടി പറയേണ്ടത് എങ്ങനെയെന്ന് ഞങ്ങൾക്കറിയില്ല. മുതലാളിക്ക് കമ്മിഷൻ എത്തിച്ചുകൊടുക്കാനായി ചക്രശ്വാസം വലിക്കുന്ന താങ്കളെപ്പോലെയുള്ള അടിമകൾക്ക് ഒരുനാളും നേരം വെളുക്കില്ല.