തിരുവനന്തപുരം : പിണറായി വിജയനെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വെറുതെ വിട്ടതാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. പിണറായി വിജയന്‍റെ ജല്‍പനങ്ങള്‍ക്കുള്ള മറുപടി ഡിസംബര്‍ 23 ന് തരാമെന്നും കെ സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഇന്ത്യ മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന കോണ്‍ഗ്രസെന്ന മഹാപ്രസ്ഥാനത്തിന്‍റെ കരുത്ത് കാണിക്കാന്‍ ഒരുപാടധികം നിര്‍ബന്ധിക്കരുത്. അവസാനത്തെ കനൽത്തരിയും ചാരമായിപ്പോകുമെന്നും കെ സുധാകരന്‍ കുറിച്ചു.
കെ സുധാകരന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:അടിച്ചാല്‍ തിരിച്ചടിക്കുമെന്നത് തന്നെയാണ് പറഞ്ഞത്,ഇനി അങ്ങോട്ട് അത് തന്നെയാണ് ഞങ്ങളുടെ പ്രഖ്യാപിത നയവും. പിണറായി വിജയൻ, താങ്കളുടെ ചീഞ്ഞളിഞ്ഞ രാഷ്ട്രീയത്തെ കണ്ണൂരിന്‍റെ മണ്ണില്‍ തന്നെ കുഴിച്ചുമൂടാന്‍ അന്നും വലിയ പ്രയാസമില്ലായിരുന്നു ഞങ്ങൾക്ക്. താങ്കളിലെ വലിയ രക്തദാഹിയെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വെറുതെ വിട്ടുകളഞ്ഞതാണ്. പ്രതിഷേധ മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ എത്തിയ പ്രതിപക്ഷ നേതാവിനെ കേസെടുത്ത് ഭയപ്പെടുത്താമെന്നത് വെറും അതിമോഹമാണ്. ഏതറ്റം വരെ പോയും അദ്ദേഹത്തെ സംരക്ഷിക്കും.