കേരളം

kerala

ETV Bharat / state

കെ സുധാകരന്‍റെ വിവാദ പ്രസ്‌താവന: കോണ്‍ഗ്രസിലും ലീഗിലും അസ്വസ്ഥത, ആയുധമാക്കി സിപിഎം

1969ല്‍ താന്‍ സംഘടന കോണ്‍ഗ്രസ് കെഎസ്‌യു ഭാരവാഹിയായിരിക്കേ ആര്‍എസ്എസ് ശാഖകള്‍ക്ക് സംരക്ഷണം നല്‍കിയിട്ടുണ്ടെന്ന പ്രസ്‌താവനയില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വവും അണികളും ഒരുപോലെ പ്രതിസന്ധിയില്‍ നില്‍ക്കവേ നെഹ്‌റു ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച നവോത്ഥാന സദസില്‍ പൊട്ടിച്ച അടുത്ത വെടി അക്ഷരാര്‍ഥത്തില്‍ കോണ്‍ഗ്രസിനെ നടുക്കി.

By

Published : Nov 15, 2022, 3:24 PM IST

കെ സുധാകരന്‍  കെ സുധാകരന്‍ പ്രസ്‌താവന  യുഡിഎഫിനെ പ്രതിസന്ധിയിലാക്കി കെ സുധാകരന്‍  കെഎസ്‌യു  കെ സുധാകരന്‍ നെഹ്‌റു  കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍  രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര  ശിശുദിനം കെ സുധാകരൻ പ്രസ്‌താവന  sudhakaran statement  kpcc president k sudhakaran  k sudhakaran statement on nehru  congress k sudhakaran
പ്രസ്‌താവനകളിലൂടെ യുഡിഎഫിനെ പ്രതിസന്ധിയിലാക്കി കെ സുധാകരന്‍

തിരുവനന്തപുരം:കോണ്‍ഗ്രസിന് പുതുജീവന്‍ പകരാന്‍ പ്രതീക്ഷയോടെ ദേശീയ നേതൃത്വം രംഗത്തിറക്കിയ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍റെ പ്രസ്‌താവനകള്‍ സ്വന്തം പാര്‍ട്ടിയില്‍ മാത്രമല്ല, ഘടകകക്ഷികളിലും അസ്വസ്ഥത പടര്‍ത്തുന്നു. ആര്‍എസ്എസും സംഘപരിവാറും ഉയര്‍ത്തുന്ന വിഘടന രാഷ്ട്രീയത്തില്‍ നിന്നും രാജ്യത്തെ മോചിപ്പിക്കാന്‍ പാര്‍ട്ടി മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സംഘപരിവാറിന്‍റെ ഹൃദയ ഭൂമികകളില്‍ തരംഗമാകുന്നതിനിടെ കേരളത്തിലെ പിസിസി അധ്യക്ഷന്‍ നടത്തുന്ന സംഘപരിവാര്‍ അനുകൂല പ്രസ്‌താവനകള്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനും തലവേദന സൃഷ്‌ടിക്കുകയാണ്.

1969ല്‍ താന്‍ സംഘടന കോണ്‍ഗ്രസ് കെഎസ്‌യു ഭാരവാഹിയായിരിക്കെ ആര്‍എസ്എസ് ശാഖകള്‍ക്ക് സംരക്ഷണം നല്‍കിയിട്ടുണ്ടെന്ന പ്രസ്‌താവനയില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വവും അണികളും ഒരുപോലെ പ്രതിസന്ധിയില്‍ നില്‍ക്കവേ നെഹ്‌റു ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച നവോഥാന സദസില്‍ പൊട്ടിച്ച അടുത്ത വെടി അക്ഷരാര്‍ഥത്തില്‍ കോണ്‍ഗ്രസിനെ നടുക്കി.

"നെഹ്‌റു വര്‍ഗീയതയോട് സന്ധി ചെയ്‌തു": ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ നെഹ്‌റു വര്‍ഗീയ ഫാസിസ്റ്റുകളോട് പോലും സന്ധി ചെയ്യാന്‍ വലിയ മനസ് കാണിച്ചെന്നും അതിന്‍റെ ഭാഗമായാണ് ആര്‍എസ്എസ് നേതാവായിരുന്ന ശ്യാമപ്രസാദ് മുഖര്‍ജിയെ ഉള്‍പ്പെടുത്തിയതെന്നുമായിരുന്നു സുധാകരന്‍റെ കണ്ടെത്തല്‍. പ്രസ്‌താവന പിന്നീട് തിരുത്തി ഖേദം പ്രകടിപ്പിച്ചെങ്കിലും ബിജെപിക്കെതിരെ നിരന്തര പോരാട്ടത്തിന്‍റെ അടിസ്ഥാന പ്രത്യയ ശാസ്ത്രം മുന്നോട്ടുവച്ച് കേരളത്തില്‍ ഉള്‍പ്പെടെ ജനങ്ങളെ ഒപ്പം നിര്‍ത്താന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാണുണ്ടാക്കിയിരിക്കുന്നത്.

ആയുധമാക്കി സിപിഎം: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗേവിന്ദന്‍ ഒരു മുഴം നീട്ടിത്തന്നെയെറിഞ്ഞു. 1971ലെ തലശേരി കലാപത്തില്‍ സുധാകരന്‍ പിന്തുണ നല്‍കിയ ആര്‍എസ്എസ്, സുധാകരന്‍ പിന്തുണ നല്‍കിയതായി പറയുന്ന പ്രദേശങ്ങളിലെ മുസ്‌ലിം പള്ളികള്‍ ആക്രമിക്കാന്‍ പദ്ധതിയിട്ടപ്പോള്‍ അതിനെ ചെറുത്തത് അവിടുത്തെ സിപിഎമ്മുകാരായിരുന്നു എന്നായിരുന്നു ഗോവിന്ദന്‍റെ പ്രസ്‌താവന. അതായത് തലശേരി കലാപ കാലത്ത് മതന്യൂനപക്ഷങ്ങള്‍ക്കെതിരായ ആര്‍എസ്എസ് ആക്രമണത്തില്‍ സുധാകരനും പങ്കുണ്ടെന്ന പരോക്ഷ സൂചനയാണ് ഗോവിന്ദന്‍റെ വാക്കുകളിലൂടെ പുറത്തുവന്നത്.

മുഖ്യമന്ത്രിയും വിട്ടില്ല: നെഹ്‌റുവിനെ കുറിച്ചുള്ള വിവാദ പ്രസ്‌താവനയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മറുപടി ശ്രദ്ധേയമായി. നെഹ്‌റുവിനെ ചാരി തന്‍റെ ആര്‍എസ്എസ് പ്രണയത്തെയും വര്‍ഗീയ മനസിനെയും ന്യായീകരിക്കുന്ന കെപിസിസി പ്രസിഡന്‍റ് കോണ്‍ഗ്രസിന്‍റെ അധഃപതനമാണെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. ആര്‍എസ്എസിനെ നിരോധിച്ച പ്രധാനമന്ത്രിയായ നെഹ്‌റുവിനെ ആര്‍എസ്എസിനോട് മമത കാട്ടിയ നേതാവായി ചിത്രീകരിക്കുന്നതിലൂടെ ആര്‍എസ്എസിനെ സന്തോഷിപ്പിക്കുകയല്ലാതെ മറ്റെന്ത് ലക്ഷ്യമാണ് സുധാകരനുള്ളതെന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തില്‍ എല്ലാം വ്യക്തം.

തനിക്കു തോന്നിയാല്‍ ബിജെപിയില്‍ പോകുമെന്ന പ്രസ്‌താവന വീണ്ടും ആവര്‍ത്തിച്ചതിലൂടെ സുധാകരന്‍ കോണ്‍ഗ്രസിനെ ബിജെപി പാളയത്തിലേയ്ക്ക് കൊണ്ടുപോകുകയാണെന്ന പ്രചരണം സൈബര്‍ ഇടങ്ങളിലും ഉയര്‍ത്തി സിപിഎം ഒരു ചുവടു കൂടി മുന്നോട്ടുകയറി. ഫലത്തില്‍ സുധാകരന്‍റെ പ്രസ്‌താവന ഒരു തരത്തിലും പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന്‍റെ ഒരു തലത്തിലുമുള്ള നേതാക്കള്‍ക്ക് കഴിയാത്ത അവസ്ഥ. സുധാകരന്‍റെ മനസ് ബിജെപിക്കൊപ്പമാണെന്നും പല സംസ്ഥാനങ്ങളിലും പിസിസി പ്രസിഡന്‍റുമാര്‍ ബിജെപിയിലെത്തിയിട്ടുണ്ടെന്നുമുള്ള ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍റെ പ്രസ്‌താവനയാകട്ടെ കോണ്‍ഗ്രസിന്‍റെ ആത്മാഭിമാനം കെടുത്തുന്നത് കൂടിയായി.

മുഖത്തേറ്റ അടിയുടെ ആഘാതത്തിൽ മുസ്‌ലിം ലീഗ്: കോണ്‍ഗ്രസിന്‍റെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങള്‍ ചൂണ്ടിക്കാട്ടി പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫില്‍ തുടരുന്ന മുസ്‌ലിം ലീഗാണ് തങ്ങളുടേതല്ലാത്ത കുറ്റത്തിന് പ്രതിസന്ധിയിലായത്. സുധാകരന്‍റെ രണ്ട് ആര്‍എസ്എസ് അനുകൂല പ്രസ്‌താവന ലീഗിന് മുഖത്തേറ്റ അടിയായി. ലീഗ് കോട്ടകള്‍ വീഴ്ത്താന്‍ തക്കം പാര്‍ത്തിരിക്കുന്ന സിപിഎമ്മിന് കൈയില്‍ ആയുധമെത്തിക്കുന്ന നടപടിയാണ് സുധാകരന്‍റെ പ്രസ്‌താവന എന്ന വിലയിരുത്തല്‍ ലീഗ് നേതൃത്വത്തിനുണ്ട്.

ബിജെപിയെ ചെറുക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂ എന്ന് അണികളോട് ആവര്‍ത്തിച്ച് പറയുന്ന ലീഗ് നേതൃത്വത്തെ തലശേരി കലാപം ചൂണ്ടിക്കാട്ടി പ്രതിരോധത്തിലാക്കുക കൂടിയാണ് സിപിഎം. ഈ അപകട സന്ധി മുറിച്ചു കടക്കുക എന്നത് തങ്ങളുടെ കോട്ടകള്‍ പിടിച്ചു നിര്‍ത്താന്‍ ലീഗിന് അനിവാര്യമായി തീര്‍ന്നിരിക്കുന്നു. അക്ഷരാര്‍ഥത്തില്‍ സുധാകരന്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നത് ലീഗിനെ അപ്പാടെയാണ്.

ഒരുപക്ഷേ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കണം എന്ന നിലയില്‍ ലീഗിന്‍റെ പല തലങ്ങളില്‍ നിന്ന് ആവശ്യമുയര്‍ന്നാലും അത്ഭുതപ്പെടേണ്ടതില്ല. കോണ്‍ഗ്രസ് നേതൃത്വം വിചാരിക്കാതെ ഈ പ്രതിസന്ധിയില്‍ നിന്ന് ലീഗിന് പുറത്തു കടക്കാനാകില്ല. പ്രത്യേകിച്ചും ഭരണം കൂടി നഷ്‌ടപ്പെട്ട് രണ്ട് തവണയായി പുറത്തു നില്‍ക്കുന്ന ലീഗിന് ആ നഷ്‌ടത്തിന് പുറമേയാണ് ഇപ്പോഴത്തെ അപ്രതീക്ഷിത ആഘാതവും.

കോണ്‍ഗ്രസ് അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ അഹിതമായത് സംഭവിച്ചാലും അത്ഭുതപ്പെടാനില്ലെന്ന് ഒരു ലീഗ് നേതാവ് പറഞ്ഞു. അതായത് സുധാകരന്‍റെ പ്രസ്‌താവന സിപിഎമ്മിനെ സംബന്ധിച്ച് ഒരു വെടിക്ക് രണ്ട് പക്ഷി എന്ന നില സൃഷ്‌ടിച്ചിരിക്കുന്നു.

കയ്ച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യാതെ കേന്ദ്ര നേതൃത്വം: സുധാകരന്‍റെ പ്രസ്‌താവന കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം ഗൗരവത്തിലെടുത്തെന്നാണ് സൂചനകള്‍. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രതീക്ഷയര്‍പ്പിക്കുന്ന സംസ്ഥാനങ്ങളിലൊന്ന് കൂടിയാണ് കേരളം. മാത്രമല്ല, രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ വയനാട് കൂടി ഉള്‍പ്പെടുന്ന സംസ്ഥാനത്തെ പിസിസി അധ്യക്ഷന്‍റെ ഇത്തരം പ്രസ്‌താവനകള്‍ക്ക് മറുപടി പറയേണ്ട ബാധ്യത രാഹുലിന്‍റെ തലയിലേയ്ക്ക് കൂടി വച്ചു കൊടുക്കുന്നതായി സുധാകരന്‍റെ ആര്‍എസ്എസ് അനുകൂല പ്രസ്‌താവനകള്‍.

കോണ്‍ഗ്രസ് അണികളിലും സുധാകരന്‍റെ അനവസരത്തിലുള്ള പ്രസ്‌താവന വന്‍ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്. ആരാണ് മുഖ്യ ശത്രു എന്ന് ചുമതലയേറ്റ ഘട്ടത്തില്‍ ആവര്‍ത്തിച്ച് ചോദ്യമുണ്ടായപ്പോള്‍ സിപിഎം ആണ് മുഖ്യ ശത്രു എന്ന സുധാകരന്‍റെ പ്രസ്‌താവന അന്നും വന്‍ വിമര്‍ശനം വിളിച്ചുവരുത്തിയിരുന്നു. ശബരിമല സ്ത്രീ പ്രവേശന വിധിയുണ്ടായപ്പോഴും സംഘപരിവാറിനെക്കാള്‍ ആവേശത്തില്‍ ചാടിയിറങ്ങുകയും അവരുടെ പല പ്രവര്‍ത്തനങ്ങളെയും ന്യായീകരിക്കുകയും ചെയ്‌ത ചരിത്രവും സുധാകരനുണ്ട്.

ചുരുക്കത്തില്‍ തുടര്‍ച്ചയായി രണ്ട് തെരഞ്ഞെടുപ്പ് പരാജയങ്ങളില്‍ പെട്ട് അടിതെറ്റിയ കോണ്‍ഗ്രസിന് പുനര്‍ജീവന്‍ നല്‍കാനെത്തിയ സുധാകരനെ കയ്ച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന നിലയിലാണ് സംസ്ഥാന-ദേശീയ കോണ്‍ഗ്രസ് നേതൃത്വങ്ങള്‍.

ABOUT THE AUTHOR

...view details