തിരുവനന്തപുരം : ഡി ജി പി ഓഫിസ് മാര്‍ച്ചിനിടെയുണ്ടായ പൊലീസ് അതിക്രമത്തിന്‍റെ പേരില്‍ കേരള പൊലീസിനെതിരെ അവകാശ ലംഘനത്തിന് നടപടിയെടുക്കണമെന്ന് ലോക്‌സഭ സ്‌പീക്കറോട് അഭ്യര്‍ഥിച്ച് കെ സുധാകരന്‍ എം പി (K Sudhakaran send privilege notice against Kerala police). കെ പി സി സി സംഘടിപ്പിച്ച ഡി ജി പി ഓഫിസ് മാര്‍ച്ചിനിടെ തന്‍റെയും സഹ എം പിമാരുടെയും ജീവന്‍ അപായപ്പെടുത്തുന്ന തരത്തില്‍ പൊലീസ് അതിക്രമം കാട്ടിയെന്ന് ലോക്‌സഭ സ്‌പീക്കര്‍ക്ക് അയച്ച കത്തില്‍ സുധാകരന്‍ ചൂണ്ടിക്കാട്ടി (K Sudhakaran wrote to lok sabha speaker for action against Kerala police). മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദേശ പ്രകാരമാണ് പൊലീസ് ഹീനമായ രീതിയില്‍ പെരുമാറിയതെന്നും കത്തില്‍ ആരോപിക്കുന്നു.
ശനിയാഴ്‌ച (ഡിസംബര്‍ 23) രാവിലെയാണ് കോണ്‍ഗ്രസ് നടത്തിയ ഡി ജി പി ഓഫിസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്‌ത് കെ പി സി സി പ്രസിഡന്‍റ് കൂടിയായ കെ സുധാകരന്‍ പ്രസംഗിക്കുന്നതിനിടെ പൊലീസ് കണ്ണീര്‍ വാതക ഷെല്ലുകളും ജലപീരങ്കിയും പ്രയോഗിച്ചത്. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. "എന്നെ കായികമായി നേരിടാന്‍ പിണറായി വിജയന്‍ പൊലീസിനെ ഉപയോഗിക്കുകയാണ്. അപായപ്പെടുത്തുക തന്നെയാണ് ലക്ഷ്യം. കണ്ണീര്‍ വാതകം പ്രയോഗിക്കാന്‍ പൊലീസ് മുന്‍കൂട്ടി തീരുമാനിച്ചതായാണ് മനസിലാവുന്നത്." -സുധാകരന്‍ പറഞ്ഞു.