കണ്ണൂര്‍: എസ് എന്‍ കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്‍റെ ഉദ്ഘാടന വേദിയില്‍ ശ്രീനാരായണ കീര്‍ത്തനത്തെയും ഗുരുവിനെയും അപമാനിക്കും വിധം പെരുമാറിയ മുഖ്യമന്ത്രി പരസ്യമായി മാപ്പുപറയണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. ശ്രീനാരായണ വേദികളില്‍ പതിവായി ഉപോഗിക്കുന്ന ഗുരുസ്‌തുതി ശ്ലോകം എല്ലാവരും ഭക്തിയോടെ എഴുന്നേറ്റ് നിന്ന് ആദരിക്കുന്ന ഒന്നാണ്. ആ കീഴ്വഴക്കം പരസ്യമായി തെറ്റിക്കാന്‍ മുഖ്യമന്ത്രിക്കുണ്ടായ ചേതോവികാരം എന്താണെന്ന് വ്യക്തമാക്കണം.
ശ്രീനാരായണ ഗുരുവിനെ സ്‌തുതിക്കുന്ന ശ്ലോകത്തിനോട് പോലും മുഖ്യമന്ത്രി എന്തിനാണ് ഇത്ര ധാര്‍ഷ്‌ട്യം കാട്ടുന്നത്. താത്കാലിക വോട്ട് ബാങ്ക് ലക്ഷ്യമിട്ട് രാഷ്‌ട്രീയത്തിന്‍റെ പേരില്‍ മാത്രം മത വിഭാഗങ്ങളോട് മമത പ്രകടിപ്പിക്കുകയെന്നത് സിപിഎമ്മിന്‍റെയും മുഖ്യമന്ത്രിയുടെയും ശൈലിയാണെന്നും കെ സുധാകരന്‍ വാര്‍ത്താകുറിപ്പില്‍ ആരോപിച്ചു.
വര്‍ഗീയ ശക്തികളോട് സമരസപ്പെടുന്ന മുഖ്യമന്ത്രി ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും പരിഹസിക്കുകയും അധിക്ഷേപിക്കുകയും മതമേലധ്യക്ഷന്‍മാരെ അവഹേളിക്കുകയും ചെയ്യുന്നത് പതിവാക്കിയ വ്യക്തിയാണ്. കേരളത്തിന്‍റെ മുഖ്യമന്ത്രിയെന്ന യാഥാര്‍ഥ്യം മറന്ന് കപട വൈരുദ്ധ്യാത്മിക ഭൗതിക വാദം പ്രസംഗിക്കുന്ന സിപിഎം നേതാവിനെ പോലെയാണ് പിണറായി വിജയന്‍ പെരുമാറുന്നത്. വൈവിധ്യമുള്ള സംസ്‌കാരത്തെയും ആചാരങ്ങളെയും സംരക്ഷിക്കാന്‍ ഉത്തരവാദപ്പെട്ട മുഖ്യമന്ത്രി തന്നെ അതിനെ നിഷേധിക്കുന്നതും അവഹേളിക്കുന്നതും പ്രതിഷേധാര്‍ഹമാണ്.
മതത്തിന് എതിരല്ല സിപിഎമ്മെന്ന് പാര്‍ട്ടി സെക്രട്ടറി പറയുമ്പോള്‍ മതാചാരങ്ങളെ പരസ്യമായി പൊതുവേദിയില്‍ അപമാനിക്കുകയാണ് അവരുടെ മുഖ്യമന്ത്രി. സിപിഎമ്മിന്‍റെ വാക്കും പ്രവൃത്തിയും എപ്പോഴും രണ്ടാണെന്ന് കാലങ്ങളായി ഓരോ കാര്യങ്ങളിലൂടെ അവര്‍ തെളിയിച്ചിട്ടുണ്ട്. ഭരണഘടനയെ അവഹേളിച്ച സജി ചെറിയാനെ തിരികെ മന്ത്രിസഭയിലെടുക്കുന്നതും അത്തരം നിലപാടിന്‍റെ ഭാഗമാണെന്നും സുധാകരന്‍ പ്രസ്‌താവനയില്‍ ആരോപിച്ചു.