തിരുവനന്തപുരം: ലൈഫ് മിഷന്‍ ഭവന പദ്ധതി കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ അറസ്റ്റിലായതോടെ മുഖ്യമന്ത്രി ഇത്രയും കാലം പടുത്തുയര്‍ത്തിയ നുണകള്‍ ചീട്ടു കൊട്ടാരം പോലെ തകര്‍ന്നു വീണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. സിബിഐ അന്വേഷണത്തിനെതിരെ സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പിന്‍വലിക്കാന്‍ ധൈര്യം ഉണ്ടെങ്കില്‍ ശിഷ്യനു പുറകേ ആശാനും അകത്തു പോകുന്ന സമയം വിദൂരമല്ലെന്നും കെ സുധാകരൻ പറഞ്ഞു.
ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്തു നടന്ന അഴിമതികളുടെ അസ്ഥി പഞ്ജരങ്ങള്‍ ഒന്നിനു പുറകേ ഒന്നായി പുറത്തു ചാടുകയാണ്. കള്ളപ്പണ ഇടപാട്, ഡോളര്‍കടത്ത്, സ്വര്‍ണക്കടത്ത് എന്നിവയില്‍ ശിവശങ്കറിനെ നേരത്തെ അറസ്റ്റു ചെയ്‌തിരുന്നതാണ്. 98 ദിവസം ജയിലില്‍ കഴിഞ്ഞ ശിവശങ്കറെ ഒരുളുപ്പുമില്ലാതെ മുഖ്യമന്ത്രി സര്‍വീസില്‍ തിരിച്ചെടുത്ത് എല്ലാ ആനുകൂല്യങ്ങളോടെയും വരിമിക്കാന്‍ അവസരം നല്‍കി.
ഉദ്യോഗസ്ഥര്‍ക്ക് പുസ്‌തകമെഴുതാന്‍ മുന്‍കൂര്‍ അനുമതി വേണമെന്ന നിബന്ധന കാറ്റില്‍ പറത്തി മുഖ്യമന്ത്രിയെ ന്യായീകരിച്ചും സ്‌തുതിച്ചും പുസ്‌തകമെഴുതാന്‍ അനുമതി നല്‍കി. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട നിരവധി രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനാണ് ശിവശങ്കര്‍ എന്നത് അങ്ങാടിപ്പാട്ടാണ്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് മുന്‍പ് വിജിലന്‍സ് നടത്തിയ അന്വേഷണത്തെയും സര്‍ക്കാര്‍ അട്ടിമറിച്ചു.
ചില നിര്‍ണായക കണ്ടെത്തലുകള്‍ നടത്തിയതിനെ തുടര്‍ന്ന് അന്വേഷണ സംഘത്തെ പിരിച്ചു വിട്ട് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. സിബിഐ എത്തുന്നതിനു മുന്‍പെ തിടുക്കത്തില്‍ റെയ്‌ഡ് നടത്തി വിജിലന്‍സ് രേഖകളെല്ലാം കൈക്കലാക്കി. മുഖ്യമന്ത്രിക്കു കൊടുത്തു വിട്ട ബിരിയാണി ചെമ്പിലും, മുഖ്യമന്ത്രി വിദേശത്തേക്കു കൊടുത്തു വിട്ട ബാഗിലുമൊക്കെ അഴിമതി മണക്കുന്ന അതീവ ഗുരുതരമായ അവസ്ഥയുണ്ടെങ്കിലും അന്വേഷണം മുന്നോട്ടു പോയില്ല.