തിരുവനന്തപുരം : എല്‍ ഡി എഫിന്‍റെ ദുര്‍ഭരണം ജനങ്ങള്‍ എത്രമാത്രം വെറുത്തു എന്നതിന്‍റെ തെളിവാണ് തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ വന്‍ യു ഡി എഫ് മുന്നേറ്റമെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍. സംസ്ഥാനത്തെ 29 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞടുപ്പില്‍ യു ഡി എഫ് തിളക്കമാര്‍ന്ന നേട്ടമാണ് കൈവരിച്ചത്. തിരുവനന്തപുരം ജില്ലയിലെ പഴയകുന്നുമ്മേല്‍ പഞ്ചായത്തിലെ മഞ്ഞപ്പാറ വാര്‍ഡില്‍ അഞ്ച് പതിറ്റാണ്ടുകാലത്തേയും കോഴിക്കോട് കിഴക്കോത്ത് പഞ്ചായത്തിലെ എളേറ്റില്‍ വട്ടോളി ഒന്നാം വാര്‍ഡില്‍ രണ്ടുപതിറ്റാണ്ടുകാലത്തെയും സി പി എം ആധിപത്യം തകര്‍ത്താണ് യു ഡി എഫ് സ്ഥാനാര്‍ഥികള്‍ മിന്നുന്ന ജയം സ്വന്തമാക്കിയത്.
കയ്‌മെയ് മറന്നുള്ള പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തിന്‍റെയും കോണ്‍ഗ്രസിലും യു ഡി എഫിലും ജനങ്ങള്‍ അര്‍പ്പിക്കുന്ന വിശ്വാസത്തിന്‍റെയും പ്രതീക്ഷയുടെയും വിജയം കൂടിയാണ് തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം. എല്‍ ഡി എഫിന്‍റെ ഏഴ് വാര്‍ഡുകളടക്കം എട്ട് വാര്‍ഡുകള്‍ പിടിച്ചെടുത്താണ് യു ഡി എഫ് ജനകീയ അടിത്തറ ശക്തിപ്പെടുത്തിയത്. ഏഴ് വാര്‍ഡുകള്‍ മാത്രമുണ്ടായിരുന്ന യു ഡി എഫിന് ഫലം വന്നപ്പോള്‍ 15 വാര്‍ഡായി.